Breaking
Thu. Oct 15th, 2026

“മണ്ണിനെ സ്നേഹിച്ച് മണ്ണിലേക്ക് മടങ്ങി”പത്മശ്രീ ചെറുവയല്‍ രാമന്‍

മലയാളികളുടെ നെല്ലച്ഛനായ പത്മശ്രീ ചെറുവയല്‍ രാമന് നാടിന്റെ അന്ത്യാഞ്ജലി. കമ്മന നവോദയം എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങിയാണ് നെല്‍വിത്തുകളുടെ സംരക്ഷകന്‍ വിടവാങ്ങിയത്. പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന ചെറുകര രാമന്‍ എന്ന ചെറുവയല്‍ രാമേട്ടന്‍ ഇനി ഓര്‍മ്മകളില്‍ നാമ്പിടും. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവയല്‍ രാമന്‍ ഒക്ടോബര്‍ 14 വൈകിട്ട് 3.30 ഓടെയാണ് അന്തരിച്ചത്. രാമേട്ടന്റെ ജീവിതം സ്വാഭാവിക പ്രകൃതി പാഠമാണ്. പരമ്പരാഗത നെല്‍ വിത്തുകളുടെ സൂക്ഷിപ്പുകാരനായ ചെറുവയല്‍ രാമന്‍ 45 ഇനം നെല്ല് വിത്തുകളാണ് കൃഷി ചെയ്ത് സംരക്ഷിക്കുന്നത്. ചെന്നെല്ല്, ഗന്ധകശാല, മുല്ലന്‍പുഞ്ച ഉള്‍പ്പെടെ അപൂര്‍വ്വ നാടന്‍ നെല്‍വിത്തുകള്‍ സംരക്ഷിച്ച് കാര്‍ഷിക പാരമ്പര്യത്തെ അദ്ദേഹം സംരക്ഷിച്ചുപോന്നു. പരമ്പരാഗത അറിവുകളാല്‍ മണ്ണില്‍ പൊന്ന് വിളയിച്ചാണ് നാടിന്റെ പത്മശ്രീ വിടവാങ്ങിയത്.

മണ്ണ് കൊണ്ട് മെഴുകി നെല്‍കറ്റയാല്‍ മേഞ്ഞ പുല്ലുപുരയില്‍ കൃഷിപാഠങ്ങള്‍ പഠിക്കാനെത്തിയ വീട്ടിലേക്ക് കൈകളില്‍ പൂച്ചെണ്ടുമായി നീണ്ട നിരയാണ് രാമേട്ടന് അന്ത്യാഞ്ജലി നേരാന്‍ കാത്തുനിന്നത്. പരമ്പരാഗത കൃഷി രീതികള്‍ കൈമുതലാക്കിയ കേവലം ഒരു കര്‍ഷകന്‍ എന്നതിലുപരി, വരും തലമുറയ്ക്കായി പ്രകൃതിയുടെ അക്ഷയഖനി കാത്തുസൂക്ഷിച്ച അസാധാരണക്കാരനായ മനുഷ്യനെയാണ് വയനാടിനും കാര്‍ഷിക മേഖലയ്ക്കും നഷ്ടമായത്. പരമ്പരാഗത നെല്‍ കൃഷി സംരക്ഷണത്തിന് 2023- ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2011 ല്‍ ഹൈദരാബാദില്‍ നടന്ന ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തില്‍ കേരളത്തിലെ കര്‍ഷകരെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ചെറുവയല്‍ രാമനായിരുന്നു. 2016-ല്‍ ജനിതക സംരക്ഷണ പുരസ്‌കാരവും ദേശീയ പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡും ലഭിച്ചു. 2026-ല്‍ കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരവും ലഭിച്ചു. മണ്ണിന്റെ സുഗന്ധമുള്ള ചെറുവയല്‍ വീടിന്റെ ഉമ്മറത്ത് ഇനി രാമേട്ടനില്ല.

നെല്‍വിത്തുകളുടെ കാവലാള്‍ക്ക് നാടിന്റെ വിട

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാളും പത്മശ്രീ പുരസ്‌കാര ജേതാവുമായ പത്മശ്രീ ചെറുവയല്‍ രാമന് നാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കമ്മനയിലെ ചെറുവയല്‍ വീട്ടിലാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാവിലെ (ഒക്ടോബര്‍ 15) 8.30 ഓടെ കമ്മന നവോദയം എല്‍.പി സ്‌കൂളില്‍ നടന്ന പൊതുദര്‍ശനം ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. പൊതുദര്‍ശനത്തില്‍ ചെറുവയല്‍ രാമന്റെ ഭൗതിക ശരീരത്തില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ക്കുവേണ്ടി ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി പുഷ്പചക്രം അര്‍പ്പിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഭൗതിക ശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. റവന്യൂ മന്ത്രിക്കു വേണ്ടി സബ് കളക്ടര്‍ അതുല്‍ സാഗര്‍ പുഷ്പചക്രം അര്‍പ്പിച്ചു. എം.എല്‍.എ ഉഷാ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഒ.ആര്‍ കേളു, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, എ.കെ ശശീന്ദ്രന്‍, പി.കെ ജയലക്ഷ്മി, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹര്‍, ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സുരേഷ് ഇളയാവൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മാനന്തവാടി-കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി- നഗരസഭ അധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, പി. വിശ്വനാഥന്‍, റസീന അബ്ദുള്‍ ഖാദര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, എടവക-കോട്ടത്തറ- തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ സുധാകരന്‍, സി.സി രജിത, എം.ജി ബിജു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമുദായിക- സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍ തുടങ്ങി നിരവധി പേരാണ് ചെറുവയല്‍ രാമന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. ഉച്ചയ്ക്ക് 2.15 വരെ വീട്ടില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷം കമ്മന കൊടുമയില്‍ കുടുംബ ശ്മശാനത്തില്‍ സംസ്‌കാരം നടന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *