2026 നവംബർ 29 ഞായർ
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ദലിത് യുവതിയെ സ്വകാര്യ ബസില്‍ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അനീഷ് യുവതിയെ പണം ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. പണം നല്‍കാന്‍ വിസമ്മിതച്ചപ്പോള്‍ പ്രതി യുവതിയുടെ പേഴ്സ് പിടിച്ചുവാങ്ങിയെന്നും പൊലീസ് പറയുന്നു. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് യുവതിയെ ബലമായി കാറില്‍ പിടിച്ചുകയറ്റി മയക്കുമരുന്ന് നല്‍കി പ്രതികള്‍ പീഡിപ്പിച്ചത്. പിന്നീട് ബസില്‍ വെച്ചും നിരവധി തവണ യുവതിയെ പീഡിപ്പിച്ചു. കൗണ്‍സിലിങ്ങിനിടയാണ് യുവതി കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. നിലവില്‍, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ഇതിനായി കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പുതുപ്പാടി പെരുമ്പള്ളി സ്വദേശിനിയായ ഇരുപതുകാരിയെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. നരിക്കുനിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ദലിത് പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. പൊലീസിന് യുവതി നല്‍കിയ മൊഴിപ്രകാരം, കഴിഞ്ഞ ഏപ്രിലിലാണ് 20കാരി ആദ്യമായി പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് നരിക്കുനി ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോകുന്നതിനിടെ പിതാവിന്റെ പരിചയക്കാരായ പ്രതികള്‍ കാറിലെത്തി യുവതിയോട് സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
തുടര്‍ന്ന് യുവതിയുടെ നഗ്നഫോട്ടോകളും വീഡിയോകളും പകര്‍ത്തി, ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കി. പിന്നീട് സ്വകാര്യ ബസില്‍ കയറ്റിക്കൊണ്ടുപോയി പലതവണയായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ലൈംഗികവും മാനസികവുമായ പീഡനം സഹിക്കാനാകാതെ ആദ്യം കൊടുവള്ളി പൊലീസിലും പിന്നീട് കാക്കൂര്‍ പൊലീസിലുമാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് അന്വേഷിച്ച താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
