Breaking
Thu. Oct 15th, 2026

‘വീട്ടിൽ സുരക്ഷിതരെന്ന് കരുതി, പക്ഷേ..’; ഷാർജയിൽ വാഷ് ബേസിനിലെ വെള്ളത്തിൽ വീണ് പി‍‍‍‍‍‍‍‍ഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

2026 ഒക്ടോബർ 15 വ്യാഴം

ഷാർജ∙ വീട്ടിലെ പ്ലാസ്റ്റിക് വാഷ് ബേസിനിൽ അൽപം വെള്ളത്തിൽ കമിഴ്ന്നുകിടന്ന നിലയിൽ കണ്ടെത്തിയ കൊച്ചുകുട്ടി മരിച്ചു. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് അമ്മ കുട്ടികളെ ശ്രദ്ധിക്കുന്നത്. മകൾ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രധാന വാതിൽ അടച്ചുപൂട്ടിയ നിലയിലായതിനാലും വീട്ടിൽ വലിയ അപകടസാധ്യതകളൊന്നും ഇല്ലാത്തതിനാലും കുട്ടികൾ സുരക്ഷിതരാണെന്നാണ് അമ്മ കരുതിയത്. ഇടയ്ക്ക് മകൻ ടിവിയിൽ കാർട്ടൂൺ കാണാൻ ഇരുന്നു. കാർട്ടൂണിനിടയിലെ അഞ്ച് മിനിറ്റ് ഇടവേളയിലാണ് മകളെ കാണാനില്ലെന്ന കാര്യം അമ്മയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കുട്ടികളുടെ കിടപ്പുമുറിയും സ്വന്തം മുറിയും പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

വീട്ടുജോലിക്കാരനോടും അന്വേഷിച്ചു. പ്രധാന വാതിൽ സുരക്ഷിതമായി അടച്ചിട്ടിരുന്നതിനാൽ വീടിനുള്ളിൽ തന്നെയാകുമെന്ന നിഗമനത്തിൽ ലിവിങ് റൂമിനോട് ചേർന്നുള്ള ബാത്റൂം തുറന്നുനോക്കിയ അമ്മ, പ്ലാസ്റ്റിക് വാഷ് ബേസിനിൽ കുട്ടി കമിഴ്ന്നുകിടക്കുന്നതാണ് കണ്ടത്. കുട്ടികളുടെ വസ്ത്രങ്ങൾ കൈകൊണ്ട് അലക്കുന്നതിനായി അമ്മ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് വാഷ് ബേസിനായിരുന്നു അത്. അതിൽ കാൽഭാഗത്തിൽ താഴെ മാത്രം വെള്ളമേ ഉണ്ടായിരുന്നുള്ളൂ. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് അമ്മ സഹായം തേടുകയും ആംബുലൻസിനെ വിവരമറിയിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടി എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വെള്ളത്തിൽ വീണുള്ള അപകടങ്ങൾ നടക്കുമ്പോൾ കുട്ടികൾ ഉറക്കെ കരയുകയോ ബഹളം വെക്കുകയോ ചെയ്യുമെന്നത് തെറ്റായ ധാരണയാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

ചെറിയ കുട്ടികൾ ശബ്ദമൊന്നുമില്ലാതെ നിശബ്ദമായി അപകടത്തിൽ പെടാം. മുഖം വെള്ളത്തിനടിയിലായാൽ തല ഉയർത്താനോ സഹായത്തിനായി വിളിക്കാനോ അവർക്ക് കഴിഞ്ഞെന്ന് വരില്ല. അതിനാൽ മുതിർന്നവർ അരികിലുണ്ടെങ്കിൽ പോലും ഇത്തരം ദുരന്തങ്ങൾ പെട്ടെന്ന് സംഭവിക്കാം. ചെറിയ കുട്ടികളുടെ അരികിൽ വെള്ളം സൂക്ഷിക്കുമ്പോൾ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിക്കുന്നതാണ് ഈ സംഭവം. നീന്തൽക്കുളങ്ങളോ മറ്റ് വലിയ ജലാശയങ്ങളോ ഇല്ലാത്ത വീടുകളിൽ പോലും അശ്രദ്ധമൂലം അപകടങ്ങൾ സംഭവിക്കാമെന്നും മിനിറ്റുകൾക്കുള്ളിൽ കുട്ടികൾ അപകടത്തിൽ പെടാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ∙ മാതാപിതാക്കൾക്ക് ജാഗ്രതാ നിർദേശം വീടുകളിൽ ബക്കറ്റുകൾ, പ്ലാസ്റ്റിക് വാഷ് ബേസിനുകൾ, ടബുകൾ തുടങ്ങിയവ ഉപയോഗിച്ച ഉടൻ തന്നെ അതിലെ വെള്ളം കളയണമെന്നും കുട്ടികളുടെ കൈയെത്തും ദൂരത്ത് വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുതെന്നും അധികൃതർ കർശന നിർദേശം നൽകി.

ചെറിയ അളവിലുള്ള വെള്ളം പോലും കുട്ടികൾക്ക് ജീവഹാനി വരുത്താം. കുട്ടികൾ എളുപ്പത്തിൽ ബാത്‌റൂമിൽ പ്രവേശിക്കുന്നത് തടയാൻ വാതിലുകൾ അടച്ചിടണമെന്നും ആവശ്യമെങ്കിൽ ചൈൽഡ് സേഫ്റ്റി ലോക്കുകൾ ഉപയോഗിക്കണമെന്നും ഓർമിപ്പിക്കുന്നു. ഏതാനും മിനിറ്റുകൾ മാത്രം കണ്ണുവെട്ടത്തുനിന്ന് മാറി നിന്നാൽ പോലും അത് വലിയ ദുരന്തത്തിന് കാരണമായേക്കാമെന്നും കുട്ടികൾ നിശബ്ദമായി ഇരിക്കുന്നു എന്നത് അവർ സുരക്ഷിതരാണെന്ന് അർഥമാക്കുന്നില്ലെന്നും ഈ സംഭവം ഓർമിപ്പിക്കുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *