മൂപ്പൈനാട്: പുതുതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കാൻ വീടും വിദ്യാലയവും ഒരുമിച്ചുനിൽക്കണമെന്ന സന്ദേശമുയർത്തി ചിത്രഗിരി ഗവ.എൽ.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു. സ്കൂൾ പിടിഎയും ആരോഗ്യവകുപ്പും സംയുക്തമായി എക്സൈസ് വിമുക്തി മിഷന്റെ സഹകരണത്തോടെയാണ് രക്ഷാകർത്താക്കൾക്കായി പരിപാടി സംഘടിപ്പിച്ചത്.
പിടിഎ പ്രസിഡന്റ് കെ.എം.ജയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി സ്കറിയ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.പ്രജിത സ്വാഗതം പറഞ്ഞു.
‘കരുതൽ; നമ്മുടെ മക്കൾക്കായി ഒരു സുരക്ഷിത നാളെ’ എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും ക്ലാസും നയിച്ചു. കുട്ടികളിലെ സ്വഭാവ–മാനസിക വ്യതിയാനങ്ങൾ കൃത്യസമയത്ത് തിരിച്ചറിയാൻ രക്ഷിതാക്കൾക്ക് സാധിക്കണമെന്നും, വീടകങ്ങളിൽ നൽകുന്ന കരുതലും തുറന്ന ആശയവിനിമയവുമാണ് ലഹരിക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മൂപ്പൈനാട് ഫാമിലി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി.ഇന്ദുലേഖ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.വി. അജേഷ് കുമാർ, എസ്.എം.സി.ചെയർമാൻ എം.മുഹമ്മദ് സുനിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.സ്കൂൾ സീനിയർ അസിസ്റ്റന്റ് എൻ.ദിവ്യ നന്ദി പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
ചിത്രഗിരി ജി.എൽ.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
