Breaking
Thu. Oct 15th, 2026

ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം; സംസ്കാരം ഇന്ന്

വയനാട്: പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം. രാവിലെ 9 മണി മുതൽ വയനാട് മാനന്തവാടി കമ്മന നവോദയം സ്‌കൂളിൽ പൊതുദർശനം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് കൊടുമലയിലെ സമുദായ ശ്മശാനത്തിൽ. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച നെൽവിത്തുകളുടെ സംരക്ഷകനാണ് ഓർമയാകുന്നത് 45-ലേറെ വരുന്ന തദ്ദേശീയ നെൽവിത്തിനങ്ങളെ വംശനാശത്തിൽ നിന്ന് സംരക്ഷിച്ച് നിലനിർത്തിയതിലൂടെയാണ് കുറിച്യ സമുദായത്തിൽപ്പെട്ട അദ്ദേഹം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.മാനന്തവാടി കമ്മന സ്വദേശിയായ അദ്ദേഹം പതിറ്റാണ്ടുകളായി പൂർണ്ണമായും ജൈവരീതിയിലാണ് കൃഷി ചെയ്തിരുന്നത്.

നെൽവിത്തുകൾക്ക് പുറമെ പാരമ്പര്യ പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ, വിവിധ വൃക്ഷങ്ങൾ എന്നിവയും ചെറുവയൽ രാമൻ തന്റെ തോട്ടത്തിൽ സംരക്ഷിച്ചുപോന്നു.

വിളവെടുത്ത നെല്ല് ഒരാഴ്‌ച വെയിലും മഞ്ഞും കൊള്ളിച്ച ശേഷം ചൂടാക്കിയ മുളങ്കൂട്ടയിലും വൈക്കോൽ കൊണ്ടുണ്ടാക്കിയ വിത്തുകൂടയിലും സൂക്ഷിക്കുന്ന പാരമ്പര്യ രീതിയാണ് ചെറുവയൽ രാമൻ പിന്തുടർന്നത്. ഇങ്ങനെ സൂക്ഷിക്കുന്ന വിത്തുകൾക്ക് രണ്ടു വർഷം വരെ മുളയ്ക്കൽ ശേഷി നഷ്‌ടപ്പെടില്ല. വിത്ത് ചോദിച്ച് എത്തുന്നവർക്ക് പകരമായി അടുത്ത കൃഷിക്കാലത്ത് പണത്തിന് പകരം വിത്തുകൾ തന്നെ തിരികെ നൽകണമെന്ന നിബന്ധനയോടെയാണ് വിതരണം ചെയ്തിരുന്നത്.

2011-ൽ ഹൈദരാബാദിൽ നടന്ന പതിനൊന്ന് രാജ്യങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ചെറുവയൽ രാമനായിരുന്നു. രാസവളങ്ങളോ ആധുനിക യന്ത്രങ്ങളോ ഉപയോഗിക്കാതെ പ്രകൃതിയോടിണങ്ങിയുള്ള അദ്ദേഹത്തിന്റെ കാർഷിക രീതിയും അർപ്പണബോധവും പരിഗണിച്ച് 2023-ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *