Breaking
Sun. Jun 21st, 2026

വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന് ശേഷം

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29 ന് ഹാജരാവാൻ നിർദേശം. രണ്ടാം തവണയാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഈ മാസം 17ന് ഇ ഡി വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന നടത്തിയിരുന്നു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

ചോദ്യം ചെയ്യലിന് എത്തുമെന്ന് വീണ അറിയിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലഭിച്ച മറുപടികളിൽ പലതും തൃപ്തികരമല്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ. സിഎംആർഎല്ലിന് ഏതെങ്കിലും തരത്തിലുള്ള സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം വീണയെ വിളിച്ചുവരുത്തിയായിരുന്നു തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്ക് ലോക്കർ തുറന്നത്. എന്നാൽ മാസപ്പടി ഇടപാടിലെ രേഖകൾ ലോക്കറിൽ നിന്ന് ലഭ്യമായില്ലെന്നാണ് സൂചന. അതേസമയം, കോടതി കൈമാറാൻ നിർദ്ദേശിച്ച 134 രേഖകൾ ഇതുവരെ എസ്എഫ്ഐഒ ഇഡിയ്ക്ക് കൈമാറിയില്ല.

തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലെ എച്ച്ഡിഎഫ്സി ബാങ്കിലേക്ക് രാവിലെ വീണയെ വിളിച്ചുവരുത്തിയാണ് ഉദ്യോഗസ്ഥർ ലോക്കർ തുറന്നത്. മൂന്ന് മണിക്കൂറോളം പരിശോധനകൾ തുടർന്നു. അന്വേഷണത്തിനിടയിൽ വീണ ലോക്കർ തുറന്നതിന്‍റെ വിശദാംസങ്ങളടക്കം ഇഡി ബാങ്കിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽ നിന്ന് വീണ ഏതെങ്കിലും വിവരങ്ങൾ രഹസ്യമായി ലോക്കറിലേക്ക് മാറ്റിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്.

എന്നാൽ, കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചില്ലെന്നാണ് സൂചന. ലോക്കറിലുണ്ടായിരുന്ന സ്വർണമടക്കമുള്ള മറ്റ് വിവരങ്ങൾ ഇഡി രേഖപ്പെടുത്തി. എച്ച്ഡിഎഫ്സി ബാങ്കിന് പുറമെ തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിൽ വീണയുടെയും കമ്പനിയുടെയും പേരിൽ മറ്റ് രണ്ട് അക്കൗണ്ടുകളുമുണ്ട്. എന്നാൽ ഇവിടെ ലോക്കർ എടുത്തിട്ടില്ല. മൂന്ന് അക്കൗണ്ടുകളും നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *