2026 നവംബർ 20 വെള്ളി
മഞ്ഞലോഹത്തിന് കഴിഞ്ഞ കുറേ ദിവസങ്ങളായി കഷ്ടകാലമാണ്. രണ്ടാഴ്ചക്കിടെ 15,000 രൂപക്കടുത്ത് കുറവാണ് സ്വര്‍ണത്തിനുണ്ടായത്. 2026ല്‍ 1.31 ലക്ഷം രൂപ തൊട്ട സ്വര്‍ണമാണ് തിരിച്ചിറങ്ങി ഒരു ലക്ഷത്തിനും താഴെ നില്‍ക്കുന്നത്. എന്നാല്‍, സ്വര്‍ണത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടല്ല ഇത്തരമൊരു വിലയിടിവ് ഉണ്ടാവുന്നത്. ഇതിന് മുമ്പ് 1980കളിലും സമാനമായൊരു വിലയിടിവ് സ്വര്‍ണത്തിലുണ്ടായിരുന്നു. പക്ഷേ ഇതിലും തീവ്രമായിരുന്നു 1980കളിലുണ്ടായ വിലയിടിവ്. 1976 മുതല്‍ 1980 സെപ്റ്റംബര്‍ വരെയുള്ള ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത് അസാധാരണമായ മുന്നേറ്റമായിരുന്നു. ഏകദേശം 541 ശതമാനം വര്‍ധനയോടെ ഔണ്‍സിന് 667 ഡോളര്‍ വരെയായിരുന്നു അന്ന് സ്വര്‍ണവില ഉയര്‍ന്നത്. എന്നാല്‍ ഈ കുതിപ്പിന് അധികം ആയുസ്സുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ വിപണി വലിയൊരു തകര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. 1982 ജൂണിലെത്തുമ്പോള്‍ സ്വര്‍ണവില 318 ഡോളറിലേക്ക് താഴ്ന്നു. അതായത്, ഉയര്‍ന്ന നിലവാരത്തില്‍നിന്ന് ഏകദേശം 52 ശതമാനത്തിന്റെ ഇടിവ്. എന്തുകൊണ്ടാണ് അന്ന് സ്വര്‍ണവില ഇത്ര വലിയ തോതില്‍ ഉയര്‍ന്നത്? അതിനുള്ള പ്രധാന കാരണങ്ങള്‍ ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളിലായിരുന്നു.
1979-ലെ രണ്ടാമത്തെ എണ്ണപ്രതിസന്ധി, ലോകമെമ്പാടുമുള്ള പണപ്പെരുപ്പം, സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാന്‍ അധിനിവേശം, ഡോളറിന്റെ മൂല്യത്തകര്‍ച്ച എന്നിവ വിപണിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തിയത് വില കുതിച്ചുയരാന്‍ കാരണമായി. എന്നാല്‍ പിന്നീട് അമേരിക്കന്‍ സാമ്പത്തിക നയങ്ങളില്‍ ഉണ്ടായ മാറ്റം സ്വര്‍ണവിപണിയുടെ ദിശ തന്നെ മാറ്റി. ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായിരുന്ന പോള്‍ വോള്‍ക്കറുടെ നേതൃത്വത്തില്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശനിരക്ക് 20 ശതമാനം വരെ ഉയര്‍ത്തി. ഇതോടെ ഡോളര്‍ കൂടുതല്‍ ശക്തിപ്പെട്ടു. ഉയര്‍ന്ന പലിശനിരക്കില്‍നിന്ന് ലഭിക്കുന്ന നേട്ടം ആകര്‍ഷകമായതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍നിന്ന് പിന്മാറാന്‍ തുടങ്ങി. ഇതും സ്വര്‍ണവിലയിലെ വന്‍ ഇടിവിന് പ്രധാന കാരണമായി. എന്നാല്‍ ഈ കാലഘട്ടത്തിലെ ഇന്ത്യന്‍ സ്വര്‍ണവിപണിയെ ഇന്നത്തെ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസങ്ങളുണ്ട്. 1980-ല്‍ ഇന്ത്യയില്‍ Gold Control Act നിലവിലുണ്ടായിരുന്നു. സ്വര്‍ണത്തിന്റെ ഔദ്യോഗിക ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അതേ രീതിയില്‍ പ്രതിഫലിച്ചിരുന്നില്ല.
അന്ന് അനധികൃത ഇറക്കുമതി, സ്വര്‍ണക്കടത്ത്, ആഭ്യന്തര വിപണിയിലെ ലഭ്യത, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്ന സമയത്ത് ഇന്ത്യയില്‍നിന്നുപോലും ഏകദേശം ഒന്‍പത് ടണ്‍ സ്വര്‍ണം പുറത്തേക്ക് കടത്തിയതായി റിസര്‍വ് ബാങ്കിന്റെ ചരിത്രപരമായ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പിന്നീട് 1990-കളില്‍ ഇന്ത്യ സാമ്പത്തിക ഉദാരവല്‍ക്കരണത്തിലേക്ക് നീങ്ങിയതോടെ ആഭ്യന്തര സ്വര്‍ണവിപണിയും അന്താരാഷ്ട്ര വിപണിയുമായി കൂടുതല്‍ അടുത്ത ബന്ധത്തിലായി. ഇന്ന് ആഗോള വിപണിയിലെ സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ ഇന്ത്യയിലും കേരളത്തിലും നേരിട്ട് പ്രതിഫലിക്കുന്നു. അന്താരാഷ്ട്ര വിലയ്‌ക്കൊപ്പം ഡോളറിനെതിരായ രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ, ക്രൂഡ് ഓയില്‍ വില, നിക്ഷേപകരുടെ താല്‍പര്യം തുടങ്ങി നിരവധി ഘടകങ്ങളാണ് ആഭ്യന്തര സ്വര്‍ണവില നിര്‍ണയിക്കുന്നത്. ഇനി 2026-ലെ വിപണിയിലേക്ക് വരാം. ഈ വര്‍ഷം ജനുവരിയില്‍ ഔണ്‍സിന് 5,600 ഡോളറിന് മുകളില്‍ എത്തിയ അന്താരാഷ്ട്ര സ്വര്‍ണവില നവംബറോടെ ഏകദേശം 3,520 ഡോളറിലേക്ക് താഴ്ന്നു. കേരളത്തിലെ വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റ ദിവസം 3,760 രൂപയുടെ ഇടിവുണ്ടായത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
ഇത്തവണത്തെ വിലയിടിവിന് പിന്നിലും ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ തന്നെയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന ആശങ്ക, ഡോളറിന്റെ ശക്തിപ്പെടല്‍, അമേരിക്കന്‍ ബോണ്ട് യീല്‍ഡിലുണ്ടായ വര്‍ധന, ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പ്, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കിയേക്കാം.ഇതിനുപുറമെ ഓഹരി വിപണിയിലെ നഷ്ടങ്ങളും മാര്‍ജിന്‍ ബാധ്യതകളും നേരിടാന്‍ ചില നിക്ഷേപകര്‍ കൈവശമുള്ള സ്വര്‍ണം വിറ്റഴിച്ചതും വിലയിടിവിന്റെ വേഗം കൂട്ടിയ ഘടകങ്ങളിലൊന്നാണ്. എന്നാല്‍ 1980-ല്‍ സംഭവിച്ചതുപോലെ തന്നെ ഇന്നും സ്വര്‍ണവിപണിയില്‍ ആവര്‍ത്തിക്കുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. കാരണം, ഇന്നത്തെ വിപണിയുടെ ഘടനയില്‍ വലിയ മാറ്റങ്ങളുണ്ട്. കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍, ഗോള്‍ഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയെല്ലാം ഇപ്പോഴത്തെ വിലനിര്‍ണയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. വില കുത്തനെ താഴ്ന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണം വാങ്ങാന്‍ തയ്യാറാകുന്നുണ്ടോ എന്നതും വിപണിയുടെ അടുത്ത നീക്കത്തെ സ്വാധീനിക്കും.
