Breaking
Sun. Oct 11th, 2026

നവംബര്‍ ഒന്നിന് വയനാട് സമ്പൂര്‍ണ ഇ മാലിന്യമുക്ത ജില്ലയാകും

കല്‍പ്പറ്റ: വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇമാലിന്യമുക്ത ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ദീഖ്. കല്‍പ്പറ്റ ഹോളിഡേയ്‌സില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ആദ്യഘട്ട ഇമാലിന്യ ശേഖരണ ക്യാമ്പയിനില്‍ 31 ടണ്‍ മാലിന്യം ശേഖരിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലങ്ങളിലായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി രണ്ടാംഘട്ടത്തില്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഉള്‍പ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മസേന, വ്യക്തികള്‍, കുടുംബങ്ങള്‍, വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വിപുലമായ ക്യാമ്പയിന്‍ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും പഞ്ചായത്തുകള്‍ക്കും ഹരിതകര്‍മസേനക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാലിന്യശേഖരണത്തിനും ശാസ്ത്രീയ സംസ്‌കരണത്തിനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ടെലിവിഷന്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മൈക്രോവേവ് ഓവന്‍, ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍, പ്രിന്റര്‍, മൊബൈല്‍ ഫോണ്‍, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വര്‍ട്ടര്‍, യു.പി.എസ്, മോട്ടോര്‍, ഇലക്ട്രിക് കേബിളുകള്‍, സ്പീക്കര്‍, ഹെഡ്‌ഫോണ്‍, സ്വിച്ച് ബോര്‍ഡ്, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവയാണ് പ്രധാനമായും ശേഖരിക്കുന്ന ഇമാലിന്യങ്ങള്‍. മെര്‍ക്കുറി, കാഡ്മിയം, ലെഡ് തുടങ്ങിയ അപകടകാരികളായ ഘടകങ്ങള്‍ അടങ്ങിയ ഇമാലിന്യങ്ങള്‍ മണ്ണിലും വെള്ളത്തിലും കലരുന്നത് ഗുരുതരമായ ആരോഗ്യപരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത്തരം മാലിന്യങ്ങള്‍ സാധാരണ മാലിന്യങ്ങളോടൊപ്പം ഉപേക്ഷിക്കാതെ പ്രത്യേക സംവിധാനങ്ങളിലൂടെ ശേഖരിച്ച് സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എംപാനല്‍ ചെയ്ത ഏജന്‍സികളുടെ സഹായത്തോടെയാണ് ഇമാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നവംബര്‍ ഒന്നോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഇമാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തുതല അവലോകന യോഗങ്ങളും പ്രാദേശികതല പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.ഇമാലിന്യമുക്ത ജില്ല എന്ന പ്രഖ്യാപനത്തോടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കില്ലെന്നും ഈ നേട്ടം നിലനിര്‍ത്തുന്നതിനായി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി നിശ്ചിത ഇടവേളകളില്‍ ക്യാമ്പയിനുകള്‍ നടത്തുന്നതിനുള്ള കലണ്ടറും തയ്യാറാക്കും.ഇമാലിന്യ നിര്‍മാര്‍ജനത്തിന് പിന്നാലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനും പ്രാധാന്യം നല്‍കും. പുനരുപയോഗിക്കാവുന്ന തുണിസഞ്ചികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, വിനോദസഞ്ചാരികള്‍ക്കായി പരിസ്ഥിതി സൗഹൃദ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുക തുടങ്ങിയ നടപടികളും പദ്ധതിയുടെ ഭാഗമായി പരിഗണിക്കും. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ജില്ലയുടെ പരിസ്ഥിതി സൗഹൃദ പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. മാലിന്യമുക്ത വയനാട് എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങളും വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഇതോടൊപ്പം ഡിസംബര്‍ 19, 20 തീയതികളില്‍ ജില്ലയില്‍ ഭൂമി സി.എസ്.ആര്‍ കോണ്‍ക്ലേവ് നടക്കും. കമ്പനികള്‍, സി.എസ്.ആര്‍ ഗ്രൂപ്പുകള്‍, ശാസ്ത്രജ്ഞര്‍, ഐ.ഐ.ടി., ഐ.ഐ.എം. പോലുള്ള സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍ എന്നിവയെ ഒരുമിപ്പിക്കുന്ന വേദിയായാണ് ഭൂമി വിഭാവനം ചെയ്യുന്നത്. വിശ്വശാന്തി ഫൗണ്ടേഷനും മറ്റ് പങ്കാളി സ്ഥാപനങ്ങളും കോണ്‍ക്ലേവിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. ചൂരല്‍മല–മുണ്ടക്കൈ ദുരന്തബാധിതരുടെ വാടക വിതരണം വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഒക്ടോബര്‍ 12, 13 തീയതികളിലായി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തബാധിതര്‍ക്ക് നവംബര്‍ മാസം വരെ വാടക നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നേരത്തേ ചേര്‍ന്ന ക്യാബിനറ്റ് സബ് കമ്മിറ്റി യോഗം നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ പ്രത്യേകമായി ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ജില്ലാ പ്ലാനിങ് ഓഫീസര്‍ എം കമാലുദ്ദീന്‍, ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ അനൂപ് എന്നിവരും മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *