Breaking
Sun. Oct 4th, 2026

ഹണിട്രാപ്പിൽ കുടുങ്ങി പാക് വനിതയ്ക്ക് തന്ത്ര പ്രധാന വിവരങ്ങൾ ചോർത്തി നൽകി; ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ പിടിയിൽ

കോയമ്പത്തൂര്‍: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻ്റിന് വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രദീപ് മുഖർജിയാണ് പിടിയിലായത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട വനിതാ ഏജൻ്റിനാണ് വിവരങ്ങൾ ചോർത്തിയത്. വിശാഖപട്ടണം നേവൽ ബേസിലെ തന്ത്ര പ്രധാന വിവരങ്ങൾ ചോർത്തി നൽകി. ആന്ധ്രപ്രദേശ് പൊലീസിൻ്റെ കൗണ്ടർ ഇൻ്റലിജൻസ് വിഭാഗമാണ് പ്രദീപ് മുഖർജിയെ അറസ്റ്റ് ചെയ്തത്.

ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് (സി.ഐ) വിഭാഗം നടത്തിയ വന്‍ ചാരവൃത്തി വിരുദ്ധ ഓപ്പറേഷനൊടുവിലാണ് ശനിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂര്‍ റെഡ് ഫീല്‍ഡ്‌സിലെ നാവികസേനാ പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് അഗ്രണിയില്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സിന് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സോഷ്യല്‍ മീഡിയ വഴിയാണ് പാകിസ്ഥാന്‍ വനിതാ ഏജന്റ് പ്രദീപ് മുഖര്‍ജിയുമായി സൗഹൃദം സ്ഥാപിച്ചത്.

തുടര്‍ന്ന് പ്രണയ വലയിലാക്കി വിശാഖപട്ടണം നാവിക താവളത്തിലെ യുദ്ധക്കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും നീക്കങ്ങള്‍, തന്ത്രപ്രധാന പ്രതിരോധ ആസ്തികള്‍, സേനയുടെ പ്രവര്‍ത്തന ശൃംഖലകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു.

ഡിജിറ്റല്‍ തെളിവുകള്‍ വഴി ഇയാളുടെ സംശയാസ്പദമായ നീക്കങ്ങള്‍ ആന്ധ്ര കൗണ്ടര്‍ ഇന്റലിജന്‍സ് നിരീക്ഷിക്കുകയും ചാരവൃത്തി സ്ഥിരീകരിച്ചതോടെ നാവികസേനാ അധികൃതരില്‍ നിന്ന് അനുമതി വാങ്ങി ഐ.എന്‍.എസ് അഗ്രണിയിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇയാളെ വിജയ്വാഡയിലെ സി.ഐ ആസ്ഥാനത്തേക്ക് കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോയിട്ടുണ്ട്. വിവരങ്ങള്‍ നല്‍കിയതിന് പ്രതിഫലമായി ഹവാല വഴിയോ ഡിജിറ്റല്‍ ഇടപാടുകള്‍ വഴിയോ പണം ലഭിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു വരികയാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *