കല്‍പ്പറ്റ: അന്താരാഷ്ട്ര തലങ്ങളില്‍ അടയാളപ്പെടുത്തുന്ന വിധത്തില്‍ കേരളത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചവരില്‍ ഒരാളും, ഒരു ശാസ്ത്ര സംഘടന എന്നതിനപ്പുറം കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ ജനകീയ ശാസ്ത്രപ്രസ്ഥാനമാക്കി മാറ്റുന്നതിന് സംഘടനയുടെ പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ മേഖലകളില്‍ ദിശാബോധം നല്‍കിയ വ്യക്തിയുമായ ഡോ. എം പി പരമേശ്വരന്റെ വിയോഗത്തില്‍ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് എം കെ സുന്ദര്‍ലാല്‍ അധ്യക്ഷനായി. പരിഷത്ത് മുന്‍ കേന്ദ്ര നിര്‍വാഹക സമിതിയംഗവും ജില്ലാ കമ്മിറ്റി അംഗവുമായ പ്രൊഫ. കെ ബാലഗോപാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സിപിഐ മുന്‍ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഹ്യൂം സെന്റര്‍ ഡയറക്ടര്‍ ഡോ. ടി ആര്‍ സുമ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ ടി ഷണ്‍മുഖന്‍, പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതിയംഗം കെ എ അഭിജിത്ത്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാര്‍, കെ.എസ്.ടി.എ ജില്ലാ ട്രഷറര്‍ പി ബിജു, മുതിര്‍ന്ന പരിഷത്ത് പ്രവര്‍ത്തകന്‍ ഡോ. അമ്പി ചിറയില്‍, മാത്യൂസ് വൈത്തിരി എന്നിവര്‍ സംസാരിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി കെ പി സുനില്‍ കുമാര്‍ സ്വാഗതവും പരിസര വിഷയസമിതി ജില്ലാ ചെയര്‍പേഴ്‌സണ്‍ കെ ടി ശ്രീവത്സന്‍ നന്ദിയും പറഞ്ഞു.
