തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതകഥ പറയുന്ന പിണറായി ദി ലൈജന്‍ഡ് (‘Pinarayi the Legend’) ഡോക്യുമെന്ററി പ്രകാശനം ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം കമല്‍ഹാസന്‍ ഡോക്യുമെന്ററി പ്രകാശനം നിര്‍വഹിച്ചു. പിണറായി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷനാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ഒരു ഗാനമുള്‍പ്പടെ 30 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
‘ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നത് കേരള ജനതയ്ക്ക് കണ്ടറിയാനുള്ള അവസരമൊരുക്കിയ നേതാവ്. പകരക്കാരനില്ലാത്ത ഒരേ ഒരു നേതാവ്. സഖാവ് പിണറായി വിജയന്‍. ഭൂമിയില്‍ കുരുത്ത സ്വപ്‌നങ്ങള്‍ക്ക് ആകാശം തുറന്ന നേതാവിന്റെ കുട്ടിക്കാലം പ്രതിസന്ധികളോട് സന്ധിയില്ലാതെ പൊരുതിയ ജീവിതസമരം തന്നെയായിരുന്നു’ ഇങ്ങനെ ആരംഭിക്കുന്ന ഡോക്യുമെന്ററി അവസാനിക്കുന്നത് ഇങ്ങനെ; വികസനത്തിന്റെ അവസരത്തിന്റെ പുരോഗതിയുടെ പിന്നോട്ടില്ലാത്ത പ്രയാണമാണ് ചെങ്കൊടി പാറുമീ ഭരണത്തുടര്‍ച്ച. വളഞ്ഞുപുളഞ്ഞുവരുന്ന നുണകള്‍ക്കിടയില്‍ നേരിന്റെ നേര്‍രേഖയായി ഒരാള്‍ മൂന്നാമൂഴത്തിന്റെ ചെങ്കാടി വിണ്ണില്‍ പാറിക്കും’
