കട്ടപ്പന: കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍(lift accident) പെട്ട് സ്വര്‍ണ വ്യാപാരി മരിച്ചു. പവിത്ര ഗോള്‍ഡ് എം.ഡി സണ്ണി ഫ്രാന്‍സിസ് (64)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ജ്വല്ലറിയുടെ സമീപത്തുള്ള ലിഫ്റ്റ് തകരായിലായതാണ് അപകടത്തിനിടയാക്കിയത്.
തകരാറിലായ ലിഫ്റ്റ് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളില്‍ കയറിയപ്പോള്‍ പെട്ടെന്ന് മുകളിലത്തെ നിലയിലേക്ക് ലിഫ്റ്റ് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
അപകടം അറിഞ്ഞെത്തിയ ജീവനക്കാര്‍ എത്ര ശ്രമിച്ചിട്ടും ലിഫ്റ്റ് തുറന്ന് സണ്ണിയെ പുറത്തെടുക്കാനായില്ല. പിന്നീട് കട്ടപ്പനയില്‍ നിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ലിഫ്റ്റ് പൊളിച്ച് സണ്ണിയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. കട്ടപ്പന പവിത്ര ജ്വല്ലറി, പവിത്ര ഗോള്‍ഡ്, തേനി പവിത്ര ജ്വല്ലറി സ്ഥാപനങ്ങളുടെ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നു. കട്ടപ്പന പൊലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും സ്ഥലത്തെത്തി. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
