Breaking
Tue. Oct 28th, 2025

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; മൂവായിരത്തിലധികം ആളുകളെ മാറ്റി; ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ഇന്നലെ രാത്രി 8 മണിക്ക് മുന്‍പ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരി റവന്യൂ, പൊലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്കായി ഇരുപതിലധികം ക്യാംപുകള്‍ ഒരുക്കിയതായും കലക്ടര്‍ അറിയിച്ചിരുന്നു. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്‌നാടിനോട് അഭ്യര്‍ഥിച്ചതായും കലക്ടര്‍ അറിയിച്ചു.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറാണ് വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പൊലീസ് അധികാരികളുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ജലാശയങ്ങളില്‍ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള ജലവിനോദങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങും നിരോധിച്ചിട്ടുള്ളതാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *