കൊച്ചി: മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷിനെതിരെ കര്‍ണാടകയില്‍ വീണ്ടും പുതിയ കേസ്. ജയില്‍ മോചനം അടുത്തിരിക്കുന്ന ഘട്ടത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷിനെ അനന്തമായി ജയിലില്‍ അടയ്ക്കാനുള്ള ഭരണകൂട ഗൂഢാലോചനയാണെന്ന് പങ്കാളി ഷൈന ആരോപിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രൂപേഷിനെതിരെ ഗൂഢാലോചന നടക്കുന്നതായി ഷൈന ആരോപിക്കുന്നത്.
എല്ലാ കേസുകളിലും ജാമ്യം ലഭിക്കുകയും ശിക്ഷാ കാലാവധി അവസാനിക്കുകയും പിഴത്തുക സമാഹരിക്കുകയും ചെയ്തതോടെ രൂപേഷ് പുറത്തിറങ്ങുമെന്നത് ഏറെക്കുറെ ഉറപ്പായതായിരുന്നു. എന്നാല്‍ നടപ്പിലാക്കാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ജാമ്യ വ്യവസ്ഥകള്‍ ചുമത്തിയും അനാവശ്യവും തീര്‍ത്തും നിസ്സാരവുമായ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും രൂപേഷിന്റെ ജാമ്യ ബോണ്ട് ഒപ്പിടുന്നത് തടയുന്ന തരത്തില്‍ ഇടപെട്ടു കൊണ്ട് ഭരണകൂടം രൂപേഷിന്റെ മോചനത്തെ പരമാവധി വൈകിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി രൂപേഷിന്റെ ജാമ്യ ബോണ്ട് ഒപ്പിടുവിക്കാനായി ഞങ്ങള്‍ ഓടി നടക്കുകയായിരുന്നു. അതിനിടയിലാണ് ഇടിത്തീ പോലെ കര്‍ണാടകയില്‍ നിന്നും ഈ പുതിയ കേസ് വരുന്നതെന്നും’ ഷൈന ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
