മാനന്തവാടി: നഗരത്തിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ചായക്കും ലഘുഭക്ഷണങ്ങള്‍ക്കും ഏകീകരണമില്ലാതെ അമിതവില ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ മാനന്തവാടി ടൗണ്‍ മേഖലാ കമ്മിറ്റി. യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ തോന്നിയതുപോലെ വില വര്‍ദ്ധിപ്പിക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
ഒരു ചായക്കും എണ്ണക്കടിക്കും 12 രൂപ മുതല്‍ 18 രൂപ വരെയാണ് നിലവില്‍ ഈടാക്കുന്നത്. കടകള്‍ തോറും വിലയില്‍ വലിയ വ്യത്യാസമാണുള്ളത്. പാചകവാതക വിലവര്‍ദ്ധനവും ലഭ്യതക്കുറവും മറയാക്കി സാധാരണക്കാരെ കൊള്ളയടിക്കുന്ന നിലപാടാണ് ഹോട്ടലുടമകള്‍ സ്വീകരിക്കുന്നത്. താലൂക്ക് കേന്ദ്രത്തിലെ ഭക്ഷണശാലകളില്‍ വില നിയന്ത്രിക്കാനോ ഏകീകരിക്കാനോ നിലവില്‍ നടപടികളില്ല.
സാധാരണക്കാരെ കൊള്ളയടിക്കുന്ന ഇത്തരം രീതികള്‍ ഒരുതരത്തിലും അനുവദിക്കാനാവില്ലെന്നും ഉടന്‍ തന്നെ വില ഏകീകരിച്ച് കുറയ്ക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ചായക്കും പലഹാരത്തിനും അമിതവില: മാനന്തവാടിയില്‍ സമരത്തിനൊരുങ്ങി ഡി.വൈ.എഫ്.ഐ
