Breaking
Mon. Jul 13th, 2026

‘അഡ്രസ് എഴുതാന്‍ അറിയില്ലേ?’; കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിനെത്തിയ കുട്ടികളെ അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളിൽ പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന പരിപാടിക്കിടെയാണ് കെ ടി ജലീൽ കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയത്.

അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.

ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു വിദ്യാർഥികളോട് ജലീൽ ആവശ്യപ്പെട്ടത്. തെറ്റിച്ചെഴുതിയ കുട്ടികളെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി അപമാനിക്കുകയും ചെയ്തു. പൊതുവേദിയിൽ വെച്ച് കുട്ടികളെ കെടി ജലീൽ അപമാനിച്ചുവെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും MSF മലപ്പുറം ജില്ലാ കമ്മിറ്റി പ്രതികരിച്ചു. കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കലാണ് മുതിർന്നവരുടെ ചുമതലയെന്നും ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നും കെ ടി ജലീൽ ഫേസ്ബുക് കുറിപ്പിലൂടെ ന്യായീകരണവുമായി എത്തി. ജലീലിനെ വിമർശിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ശക്തമായ വിമർശനമാണ് ജലീലിനെതിരെ ഉയരുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *