മാനന്തവാടി: ചാണകത്തില്‍ നിന്നും പെയിന്‍റ് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ യൂണിറ്റ് തവിഞ്ഞാല്‍ പഞ്ചായത്തില്‍ പ്രവർത്തനമാരംഭിച്ചു.
നിർമാണ യൂണിറ്റിന് തുടക്കമിട്ടത് തവിഞ്ഞാല്‍ സ്വദേശികളാണ്. ഭാരതത്തിലെ ഗ്രാമീണ കാർഷികാധിഷ്ഠിത സന്പദ്വ്യവസ്ഥയെ ശക്തമാക്കാൻ പശുവിൻ ചാണകത്തില്‍ നിന്നും ഖാദി ഇന്ത്യ വികസിപ്പിച്ചെടുത്ത ഖാദി ഇന്ത്യ പ്രകൃതിക് പെയിന്‍റിന്‍റെ കേരളത്തിലെ ആദ്യത്തെ യൂണിറ്റാണ് കഴിഞ്ഞ ദിവസം തവിഞ്ഞാല്‍ പഞ്ചായത്തിലെ അന്പലക്കൊല്ലിയില്‍ പ്രവർത്തനമാരംഭിച്ചത്.
തവിഞ്ഞാല്‍ സ്വദേശികളായ സുനില്‍ രാജ്, റിഗില്‍ രാജ് എന്നിവരാണ് നിർമാണ യൂണിറ്റിന് തവിഞ്ഞാലില്‍ തുടക്കമിട്ടത്. ഇന്ത്യയിലൊട്ടാകെ ഖാദി ഇന്ത്യ പ്രകൃതിക്ക് പെയിന്‍റിന് 131യൂണിറ്റുകളുണ്ട്. ജൈവവും വിഷരഹിതവും രൂക്ഷഗന്ധമില്ലാത്തതും താപ ഇൻസുലേറ്റർ ആയി പ്രവർത്തിക്കുന്നതും പെയിന്‍റിന്‍റെ പ്രത്യേകതയാണെന്ന് ഇവർ പറയുന്നു.
കെമിക്കലുകളില്‍ നിന്നും ഘന ലോഹങ്ങളില്‍ നിന്നും വിമുക്തവും വായു മലിനീകരണമില്ലെന്നതും ഇതിന്‍റെ പ്രത്യേകതകളാണ്. സിന്തറ്റിക് പെയിന്‍റുകളോട് മത്സരിച്ച് വിപണി കീഴടക്കാനൊരുങ്ങുകയാണിവർ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ഷിജു ടോമില്‍ നിന്ന് കർഷക അവാർഡ് ജേതാവ് റോയി പുല്‍പ്പള്ളി ഏറ്റുവാങ്ങി. തമിഴ്നാട് പഞ്ചായത്ത് പ്രസിഡന്‍റ് എല്‍സി ജോയി, ബ്ലോക്ക് പഞ്ചായത്തംഗം അസീസ് വാളാട്, ഗ്രാമപഞ്ചായത്തംഗം ടി.കെ. ഗോപി, എം.പി. സഹദേവൻ, ഇ. മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.
