Breaking
Thu. Jul 9th, 2026

കണക്ക് ‘തിരുത്തി’ ജനം, പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ വിജയിച്ചു; സിപിഎമ്മിന് ഞെട്ടിക്കുന്ന തോല്‍വി

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍ സിപിഎം സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനനെ പരാജയപ്പെടുത്തി. 7487 വോട്ടുകള്‍ക്കാണ് കുഞ്ഞികൃഷ്ണന്റെ ജയം. സിപിഎം കോട്ടകളായ പഞ്ചായത്തുകളില്‍ അടക്കം വോട്ടുനേടിയാണ് സിപിഎം വിമതനായ കുഞ്ഞികൃഷ്ണന്‍ വെന്നിക്കൊടി നാട്ടിയത്.

വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ മധുസൂദനായിരുന്നു ലീഡ്. 2021 ലെ തെരഞ്ഞെടുപ്പില്‍ 6200 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിന് കിട്ടിയിടത്ത് ഇക്കുറി തപാല്‍ വോട്ടുള്‍പ്പെടെ 2408 വോട്ടിന്റെ ലീഡ് മാത്രമാണ് മധുസൂദനന് കിട്ടിയത്. ഓരോ റൗണ്ടുകളും കഴിയവെ മധുസൂദനന്റെ ലീഡ് കുറയുകയും കുഞ്ഞികൃഷ്ണന്‍ മേല്‍ക്കൈ നേടുകയും ചെയ്തു. പതിന്നാലില്‍ 12 റൗണ്ടുകള്‍ എണ്ണിയപ്പോള്‍, 4752 വോട്ടുകളുടെ ലീഡ് കുഞ്ഞികൃഷ്ണന്‍ നേടിയതോടെ, സിപിഎം തോല്‍വിയെന്ന് ഉറപ്പാക്കി.

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂരില്‍, യുഡിഎഫ് തരംഗം ആഞ്ഞുവീശിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും പതിനായിരത്തിന് മുകളില്‍ എല്‍ഡിഎഫിന് ലീഡ് സമ്മാനിച്ചിരുന്നു. ഇവിടെയാണ് സിപിഎമ്മിന്റെ മധുസൂദനന്റെ ഞെട്ടിക്കുന്ന തോല്‍വി. എംഎൽഎ ടി ഐ മധുസൂദനനെതിരെ വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമാണ് പയ്യന്നൂരിൽ സിപിഎമ്മിനെ പിടിച്ചുകുലുക്കിയത്. എന്നാൽ ആരോപണ വിധേയനായ ടി ഐ മധുസൂദനനെ തന്നെ പയ്യന്നൂരിൽ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെയാണ് കുഞ്ഞികൃഷ്ണനും മത്സരിക്കാൻ തീരുമാനിക്കുന്നത്. കുഞ്ഞികൃഷ്ണൻ യുഡിഎഫ് സ്വതന്ത്രനായി കളത്തിലിറങ്ങി പാർട്ടിയെ തോൽപ്പിച്ചതോടെ, ചരിത്രത്തിലിതുവരെ നേരിടാത്ത തോൽവിയാണ് സിപിഎം നേരിട്ടത് .

പയ്യന്നൂരിൽ നിന്ന് കൊണ്ട് ഞങ്ങൾ “ചെറിയ വലിയ കൂട്ടം” മനുഷ്യർ തുടങ്ങി വച്ചത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ വിജയിക്കാനോ വേണ്ടിയുള്ളൊരു പോരാട്ടമായിരുന്നില്ലെന്ന് വിജയം പ്രഖ്യാപിച്ച ശേഷം വി കുഞ്ഞികൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മറിച്ച്, ഞങ്ങൾ നിരന്തരം പറയും പോലെ അഴിമതിക്കെതിരായ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമായിരുന്നു. അഴിമതിക്കാർക്കെതിരായ ഞങ്ങളുടെ ശക്തമായ പ്രതിഷേധമായിരുന്നു. പോരാട്ടം അവസാനിക്കുന്നില്ലെന്ന് മാത്രമല്ല, നിങ്ങളുടെ പിന്തുണയോടെ ഞങ്ങളതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്…! കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *