Breaking
Mon. May 25th, 2026

വിദ്വേഷത്തിന്റെ ‘സ്റ്റോറി’ കള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല; കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ബോളിവുഡ് പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ള സിനിമയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തി പിടിക്കുന്ന കേരള മാതൃകയെ ഭയപ്പെടുന്നവരാണ് സിനിമയ്ക്ക് പിന്നില്‍. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാന്‍ ശ്രമിക്കുന്നു. വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ല. അത് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തരുടേതുമാണെന്നും – മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന ഇങ്ങനെ:

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട ”ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വര്‍ഗീയ ലക്ഷ്യത്തോടെ നിര്‍മ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയല്‍ കേരള സ്റ്റോറി’ വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാര്‍.

”കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിര്‍മ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വര്‍ഗീയതയുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും നിറം നല്‍കി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതും അവരാണ്. വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവര്‍ത്തിക്കുന്നതുമായ കേരളത്തെ അവര്‍ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാന്‍ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കള്‍. ‘ബീഫ്’ എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദര്‍ശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷസൃഷ്ടികള്‍ക്ക് എങ്ങനെയാണ് പ്രദര്‍ശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *