Breaking
Mon. May 25th, 2026

നാണക്കേട് !, ‘ഇന്ത്യന്‍ എഐ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടിക് നായ’; ഇന്ത്യന്‍ സര്‍വകലാശാലയെ പുറത്താക്കി

ന്യൂഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നിന്ന് ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള സര്‍വകലാശാലയുടെ സെന്റര്‍ ഓഫ് എക്സലന്‍സ് വികസിപ്പിച്ചെടുത്തതെന്ന് അവകാശപ്പെട്ട് ഉച്ചകോടിയില്‍ അവതരിപ്പിച്ചത് ചൈനീസ് റോബോട്ട് ആണ് എന്ന് ആരോപിച്ചാണ് നടപടി. ഇന്ത്യന്‍ ഉല്‍പ്പന്നമെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച റോബോട്ട് ചൈനീസ് റോബോട്ടിക് നായയുടേതാണ് എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചൈനീസ് റോബോട്ടിക് കമ്പനിയായ യൂണിട്രീയുടെ യൂണിട്രീ ഗോ2 റോബോട്ട് ആണിതെന്നാണ് ആരോപണം. ഇത് ഇന്ത്യയില്‍ ഓണ്‍ലൈനില്‍ 2 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെ വിലയ്ക്ക് വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒറിയോണ്‍ എന്ന പേരിലാണ് എക്‌സോപയില്‍ റോബോട്ട് അവതരിപ്പിച്ചത്. റോബോട്ടിന്റെ സവിശേഷതകള്‍ സര്‍വകലാശാല പ്രതിനിധി വിശദീകരിക്കുന്ന വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ഇത് യൂണിട്രീ ഗോ2 റോബോട്ട് ആണ് എന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ നിറഞ്ഞത്.

വിവാദം കടുത്തതോടെ എക്‌സിലൂടെ ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റി വിശദീകരണവുമായി രംഗത്തെത്തി. ഈ റോബോട്ട് തങ്ങള്‍ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും, വിദ്യാര്‍ഥികള്‍ക്ക് എഐ പ്രോഗ്രാമിങ്ങില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനായാണ് റോബോട്ടിനെ വാങ്ങിയതെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മികച്ച അറിവ് നല്‍കുന്നതിനായി അമേരിക്ക, ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആധുനിക സാങ്കേതികവിദ്യകള്‍ തങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഈ പ്രത്യേക റോബോട്ട് തങ്ങള്‍ നിര്‍മ്മിച്ചതല്ലെങ്കിലും, ഭാവിയില്‍ സമാനമായ സാങ്കേതികവിദ്യകള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *