അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഇന്ന്; പി.ജയരാജനും ടി.വി.രാജേഷും ഉൾപ്പെടെ 33 പ്രതികൾ

2026 നവംബർ 19 വ്യാഴം

കൊച്ചി ∙ യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ ഇന്ന് വിധി. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ് ഉൾപ്പെടെ 33 പ്രതികളാണ് കേസിലുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് കേസിൽ 19-ാം പ്രതിയാണ്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് പി.ജയരാജനും ടി.വി.രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം.

2012 ഫെബ്രുവരി 20നാണ് കണ്ണൂർ കീഴറ വള്ളുവൻ കടവിൽ വച്ച് 18 വയസ്സുകാരനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തിയ ശേഷമാണ് സ്വന്തം നിലയിൽ ‘വിചാരണ’ നടത്തി കൊലപ്പെടുത്തിയത് എന്നുമാണ് കേസ്. കേസിൽ ആകെ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്. പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹർജിയിൽ 2016 ഫെബ്രുവരിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു വർഷത്തിനു ശേഷം 2019 ഫെബ്രുവരി 11ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു.

∙ കേസിലെ ഒന്നു മുതൽ 33 വരെയുള്ള പ്രതികൾ കെ.വി.സുമേഷ്, പി.ഗണേശൻ, അനൂപ്, വിജേഷ്, കെ.പ്രകാശൻ, വി.ഉമേശൻ, പവിത്രൻ, സി.ലതീഷ്, പി.വി.മനോഹരൻ, എം.പി.ദിനേശൻ, സി.എൻ മോഹനൻ, ബിജുമോൻ, എൻ.നിധിൻ, ഇ.പി.രാധാകൃഷ്ണൻ, ഷിജിൻ മോഹൻ, കെ.വി.സജിത്, സുധാകരൻ, എൻ.പി.നവീൻ, ശ്യാംജിത്, എ.സരീഷ്, കെ.വി.ഷാജി, പ്രകാശൻ മുതുവാനി, അജയകുമാർ, പി.രാജീവൻ, വി.വി.മോഹനൻ, എം.വി.പുരുഷോത്തമൻ, പി.കെ.അജിത് കുമാർ, എം.വി.പുരുഷോത്തമൻ, പി.കെ.അജിത് കുമാർ, പി.പി.സുരേശൻ, കെ.ബാബു, യു.വി.വേണു, എ.വി.ബാബു, പി.ജയരാജൻ, ടി.വി.രാജേഷ്. ഇതിൽ ഒന്നു മുതൽ 15 വരെയുള്ള പ്രതികൾക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, കുറ്റകൃത്യത്തിന് പ്രേരണ നൽകൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയുണ്ടാക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

16–ാം പ്രതി കെ.വി.സജിത്തിനെതിരെ തെളിവ് നശിപ്പിക്കൽ‍ കുറ്റം ചുമത്തി. 17, 19, 20, 21, 22, 23, 24, 25, 26, 27 പ്രതികൾക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ ഒഴികെയുള്ളവയാണ് ചുമത്തിയിട്ടുള്ളത്. 18–ാം പ്രതി എൻ.പി.നവീൻ, 28–ാം പ്രതി പി.പി.സുരേശൻ, 29–ാം പ്രതി കെ.ബാബു, യു.വി.വേണു, 31–ാം പ്രതി എ.വി.ബാബു, 32–ാം പ്രതി പി.ജയരാജൻ, 33–ാം പ്രതി ടി.വി.രാജേഷ് എന്നിവർക്കെതിരെ കൊലപാതക കുറ്റത്തിനു പുറമേ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇതിൽ 20–ാം പ്രതി എ.സരീഷ്, 31–ാം പ്രതി എ.വി.ബാബു എന്നിവർ ജീവിച്ചിരിപ്പില്ല.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *