2026 നവംബർ 13 വെള്ളി
തിരുവനന്തപുരം∙ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന സ്‌പോണ്‍സര്‍ഷിപ് തട്ടിപ്പില്‍ മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാന്‍ എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു സര്‍ക്കാര്‍ ഉടന്‍ നിര്‍ദേശം നല്‍കും. കേസെടുക്കാന്‍ ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. തട്ടിപ്പിലെ സാമ്പത്തിക ക്രമക്കേടുകളില്‍ കളമശേരി സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അടുത്ത കേസ്.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് കോടികള്‍ നല്‍കാന്‍ സ്‌പോണ്‍സര്‍ക്കു പണം നല്‍കിയ ധനകാര്യസ്ഥാപനങ്ങളുടെ ഇടപാടുകളും അന്വേഷണപരിധിയിലാണ്. കേസില്‍ മുന്‍മന്ത്രി ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കണമെന്ന് എസ്‌ഐടി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്ത പശ്ചാത്തലത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അനുമതി തേടിയിരുന്നത്. അനുമതി ലഭിച്ചതോടെ അടുത്ത ദിവസം തന്നെ മന്ത്രിയെ പ്രതിചേര്‍ത്ത് പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യും. ആര്‍ബിസി, ഉടമ ആന്റോ അഗസ്റ്റിന്‍, അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു.ഷറഫലി എന്നിവരെയും പ്രതികളാക്കും.
അര്‍ജന്റീന ഇടപാടില്‍ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ മുന്‍ മന്ത്രി അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണു പ്രധാന കണ്ടെത്തല്‍. അര്‍ജന്റീന ഇടപാടിന്റെ മറവില്‍ കോടികളുടെ സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും ചൂണ്ടിക്കാട്ടി കായികവകുപ്പ് സെക്രട്ടറി എന്‍.പ്രശാന്ത് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെ സ്വകാര്യ സ്‌പോണ്‍സറെ തിരഞ്ഞെടുത്തതും മന്ത്രിസഭയുടെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോയതുമാണ് മുന്‍മന്ത്രിക്കു കെണിയായത്.
