Breaking
Thu. Nov 5th, 2026

സാധാരണക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല; ദുബായിൽ ഇനി ‘വിഐപി ക്ലബ്’, ഹോട്ടലുകളിൽ സൗജന്യ റൂം അപ്ഗ്രേഡേഷൻ

ദുബായ് കിരീടാകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസമാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ചിത്രം: ജിഡിആർഎഫ്എ

2026 നവംബർ 5 വ്യാഴം

ദുബായ്∙ ദുബായ് നിരന്തരം സന്ദർശിക്കുന്ന വിദേശികൾക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും ഒട്ടേറെ പ്രീമിയം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ‘ദുബായ് ആക്സസ് ക്ലബ്’ പദ്ധതി അവതരിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്), ദുബായ് ഇക്കോണാമി ആൻഡ് ടൂറിസം വകുപ്പ് (ഡിഇടി) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ദുബായ് കിരീടാകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസമാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

പൊതുജനങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിക്കാത്ത ഈ ക്ലബിലേക്ക് ക്ഷണിക്കപ്പെടുന്നവർക്ക് മാത്രമാണ് അംഗത്വം ലഭിക്കുക. എമിറേറ്റ്സ് എയർലൈൻ, അക്കോർ, വീസ തുടങ്ങിയ പങ്കാളിത്ത സ്ഥാപനങ്ങളിലെ പ്രമുഖ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്കും രാജ്യാന്തര കമ്പനികളിലെ ഉദ്യോഗസ്ഥർക്കുമാണ് ആദ്യഘട്ടത്തിൽ ക്ഷണങ്ങൾ അയക്കുക. 5 വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് പുറമേ ജിഡിആർഎഫ്എയുടെ ‘അൽ സാദ’ ടൂറിസ്റ്റ് കാർഡ് വഴിയുള്ള ഓഫറുകൾ, നിശ്ചിത തുക ക്രെഡിറ്റുള്ള മാജിദ് അൽ ഫുത്തൈം ഗിഫ്റ്റ് കാർഡ് എന്നിവയും അംഗങ്ങൾക്ക് ലഭിക്കും.

കൂടാതെ ഹോട്ടൽ മുറികളുടെ അപ്ഗ്രേഡേഷൻ, എയർപോർട്ട് ലോഞ്ച് സൗകര്യം, പ്രധാന പരിപാടികൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം എന്നിവയും ഇവർക്കായി ഒരുക്കും. ദുബായിലേക്ക് തുടർച്ചയായി സന്ദർശനം നടത്തുന്ന വിനോദസഞ്ചാരികളെയും ബിസിനസ് യാത്രക്കാരെയും ആകർഷിക്കുക, നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദുബായ് സാമ്പത്തിക അജണ്ട (ഡി33) ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ തന്ത്രപ്രധാന നീക്കം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *