2026 നവംബർ 5 വ്യാഴം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ സ്വര്‍ണം പൊട്ടിക്കലടക്കം ആസൂത്രണം ചെയ്തത് പ്രിയങ്ക തന്നെയെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രതി ശ്രീലാലുമായി ഗൂഢാലോചന നടത്തിയ പ്രിയങ്ക വാഹനവുമായി കരിപ്പൂരില്‍ എത്താന്‍ നിര്‍ദേശം നല്‍കി. ഭര്‍ത്താവിനെയും കുട്ടികളെയും കാറില്‍ കയറ്റണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
കുടുംബത്തെ മറയാക്കി അറസ്റ്റിലായ പ്രതികള്‍ക്ക് ഒപ്പം സ്വര്‍ണം കവര്‍ച്ച നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. ദുബായിയില്‍ വെച്ച് സഫ്‌വാന്‍ എന്നായാളാണ് സ്വര്‍ണം നൽകിയതെന്നും യുവതി മൊഴി നല്‍കി. പൊലീസ് പിടികൂടിയ കണ്ണൂര്‍ സ്വദേശികളായ ശ്രീലാല്‍, പ്രിന്‍സ്, സുബിത്ത് എന്നിവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. ശ്രീലാലിന് എതിരെ നെടുമ്പാശ്ശേരിയിലും കവർച്ച കേസുള്ളതായും ഇയാള്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലെ സജീവ അംഗമാണെന്നും പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകലില്‍ യുവതിയുടെ ഭര്‍ത്താവ് നിരപരാധിയെന്ന് പൊലീസ് പറഞ്ഞു.
സ്വര്‍ണം തട്ടിയെടുക്കാനുള്ള നാടകത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്നും പൊലീസ് പറഞ്ഞു. പ്രിയങ്കയെ തട്ടികൊണ്ടുപോയ കാറില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ പ്രിയങ്കയെ കയറ്റി കുതിച്ചുപോയ കാറിന് പുറമെ ഒരു യുവാവ് ഓടുന്നത് കണ്ട പൊലീസ് വാഹനത്തെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് സാഹസികമായി പ്രതികളെ പിടികൂടുകയും ചെയ്തു. പിന്നാലെ സ്വര്‍ണം വാങ്ങാനായി വിമാനത്താവളത്തില്‍ എത്തിയ മട്ടന്നൂര്‍ സ്വദേശി ജാബിറും അറസ്റ്റിലായി. ജാബിറിന് കാറിന് പുറകെ ഓടിയത്.
