Breaking
Thu. Nov 5th, 2026

വനിതാ സംരംഭകര്‍ക്കായി മാനന്തവാടിയില്‍ വിപണന കേന്ദ്രം പ്രവര്‍ത്തനത്തിന് ഒരുങ്ങുന്നു

മാനന്തവാടി: വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സ്ഥിരം ഇടമൊരുക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ വനിതാ വിപണന കേന്ദ്രം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് സമീപം രണ്ട് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും വനിതാ ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കുമായി പത്ത് വിപണന മുറികളാണ് ഒരുക്കിയിട്ടുള്ളത്.
വനിതാ സംരംഭങ്ങളുടെ വളര്‍ച്ചയും പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനവും വനിതകള്‍ക്ക് വരുമാന സ്രോതസ് എന്നിവ ലക്ഷ്യമിട്ടാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനും ഇവിടെ സൗകര്യമൊരുക്കും. കെട്ടിടത്തില്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കുമായി ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി ശൗചാലയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

2026 ഓഗസ്റ്റ് 25 നാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഗ്രൗണ്ട് ഫ്‌ലോറിന് 219.45 ചതുരശ്ര മീറ്ററും ഒന്നാം നിലയ്ക്ക് 248.72 ചതുരശ്ര മീറ്ററുമാണ് വിസ്തീര്‍ണം. ആകെ 442.74 ചതുരശ്ര മീറ്റര്‍ നിര്‍മിത വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണത്തിന് 1,73,95,000 രൂപയാണ് ചെലവഴിച്ചത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം നവംബര്‍ ആറിന് മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിക്കും. ഇതോടെ വനിതാ സംരംഭകര്‍ക്ക് വിപണനത്തിന് സ്ഥിരം ഇടവും പൊതുജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവും ഒരുമിച്ച് ലഭ്യമാക്കുന്ന കേന്ദ്രം മാനന്തവാടിയുടെ സംരംഭകവ്യാപാര മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറക്കും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *