Breaking
Sun. Nov 1st, 2026

ഇറാനെ തൊട്ടാൽ തിരിച്ചടി അതിരുകളില്ലാതെ! യുദ്ധം എപ്പോൾ നിർത്തണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും മെജ്തബ, ആശങ്കയോടെ ലോകം

2026 നവംബർ 1 ഞായർ

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കൊരു തിടുക്കമില്ലെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ, അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഭാഗത്തുനിന്ന് വീണ്ടും സൈനികാക്രമണമുണ്ടായാൽ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ തിരിച്ചടിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടെയും പരസ്പര പോർവിളികളെന്നതും ശ്രദ്ധേയം. അടുത്തതൊരു ‘സാധാരണ യുദ്ധമല്ല’ വാഷിങ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇറാനുമായുള്ള യുദ്ധത്തെ ‘സാധാരണ യുദ്ധമല്ല’ എന്ന് ട്രംപ് വിശേഷിപ്പിച്ചത്. ചർച്ചകൾ തുടരുന്നുണ്ടെന്നും ഇറാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞ ട്രംപ്, ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സൈനികരുടെയും പൊലീസിന്‍റെയും ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അവകാശപ്പെട്ടു.

ഏഴുമാസമായി തുടരുന്ന സംഘർഷത്തിൽ അമേരിക്കയ്ക്ക് തിടുക്കമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതിനിടെയാണ് അമേരിക്കൻ സൈനികർക്ക് കൂട്ടകുഴിമാടങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടുമാരംഭിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതെന്നതും ശ്രദ്ധേയം. ‘തിരിച്ചടിക്കാൻ അതിർത്തി നോക്കേണ്ട’ അതിനിടെ, ഇറാന്‍റെ മുതിർന്ന സൈനിക കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്തിയ മൊജ്തബ ഖമനേയി, ഏത് തരത്തിലുള്ള ഭീഷണിയെയും ഉടനടി ഫലപ്രദമായും ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെയും നേരിടണമെന്ന് സായുധസേനയ്ക്ക് നിർദേശം നൽകി. ശത്രുക്കൾ വീണ്ടും സൈനികമോ ഭീകരവാദപരമോ ആയ ആക്രമണം നടത്തിയാൽ യുദ്ധം അവസാനിപ്പിക്കേണ്ട സമയവും സാഹചര്യവും ഇറാനും ജനതയും തീരുമാനിക്കുമെന്നും മൊജ്തബ വ്യക്തമാക്കി.

യുദ്ധം ഇനി ആര് തുടങ്ങിയാലും എപ്പോൾ, എങ്ങനെ യുദ്ധം തീരണമെന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നും മുജ്തബ മുന്നറിയിപ്പ് നൽകി. പ്രതിരോധശേഷി വർധിപ്പിക്കാനും സൈനിക സാങ്കേതികവിദ്യ ശക്തിപ്പെടുത്താനും നിർദ്ദേശിച്ച മൊജ്തബ, അടുത്ത യുദ്ധത്തിൽ അക്രമിക്കാൻ അതിർത്തികൾ നോക്കേണ്ടതില്ലെന്നും ഇറാന്‍റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കിടെ നിർദേശിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. മറുവഴിക്ക് ചർച്ചകൾ അതേസമയം, സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്രനീക്കങ്ങളും തുടരുകയാണ്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിന്‍റെ കത്ത് ലഭിച്ചതായും ചർച്ചകൾക്കുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

ഖത്തറിന്‍റെ മധ്യസ്ഥതയിൽ ഹോർമുസ് കടലിടുക്ക് രണ്ടുദിവസത്തിനുള്ളിൽ വീണ്ടും തുറക്കാനുള്ള നിർദേശവും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇരുരാജ്യങ്ങൾക്കിടെയിൽ സംഭാഷണത്തിന് മധ്യസ്ഥം വഹിക്കാനുള്ള താത്പര്യം അറിയിച്ച് ചൈനയും രംഗത്തെത്തി. ഒരു വഴിക്ക് നയതന്ത്രചർച്ചകൾ പുരോഗമിക്കുമ്പോഴും സൈനിക മുന്നറിയിപ്പുകൾ ശക്തമാകുന്നത് മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നു. അതേസമയം നിലവിലെ സാമ്പത്തിക മാന്ദ്യവും ഭക്ഷ്യ – ഇന്ധന പ്രതിസന്ധികളും കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾക്കിടെ, വാണിജ്യമേഖലയെ നേരിട്ട് ബാധിക്കുന്ന മറ്റൊരു യുദ്ധം കൂടി താങ്ങാനുള്ള ശേഷി ലോകത്തിനുണ്ടോയെന്ന ആശങ്കയിലാണ് ലോകം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *