കൽപ്പറ്റ: കാറ്റിലും മഴയിലും കവുങ് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ എട്ട് വയസ്സുകാരൻ്റെ രണ്ടാമത്തെ ശസ്ത്രക്രിയ പൂർത്തിയായി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ കോഴിക്കോട് മിംസ് മെഡിക്കൽ കോളേജാശുപത്രിയിൽ പൂർത്തിയാക്കിയത്.
ഒക്ടോബർ ഒന്നിന് വൈകുന്നേരം നാലര മണിയോടെയാണ് കവുങ്ങ് വീണ് വെള്ളമുണ്ട ഒഴുക്കൻ മൂല മാടപ്പള്ളിക്കുന്നേൽ സുനീഷിന്റെ മകൻ എട്ടു വയസ്സുകാരനായ ആൽബർട്ടോ റെയ്ഡൻ ജോസഫിന് തലയ്ക്കു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. സ്കൂൾ വിട്ട് വന്ന് ബസിറങ്ങി മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് പോകും വഴിയാണ് പ്രദേശത്ത് മാത്രം കനത്ത കാറ്റും മഴയും ഇടിമിന്നലും ഉണ്ടായത്. വയലിലൂടെ നടന്നു പോകുമ്പോൾ ചുഴലിക്കാറ്റിൽ കവുങ്ങ് ഒടിഞ്ഞ് കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും രാത്രിയോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു ദിവസം മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒരു ശസ്ത്രക്രിയയും നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയക്കായാണ് കുട്ടിയെ ഞായറാഴ്ച രാവിലെ കോഴിക്കോട് മിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴി നീളെ മാർഗതടസം ഉണ്ടാകാതിരിക്കാൻ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ആംബുലൻസ് ഡ്രൈവർമാരുടെ സംഘടനയും സന്നദ്ധ സംഘടന പ്രവർത്തകരും വഴിയൊരുക്കിയിരുന്നു. ഒന്നരമണിക്കൂർ കൊണ്ടാണ് കുട്ടിയെയും കൊണ്ടുള്ള പ്രത്യേക ആംബുലൻസ് പോലീസ് എസ്കോർട്ടോടെ വയനാട്ടിൽ നിന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയത്. ഉച്ചക്ക് ആരംഭിച്ച ശസ്ത്രക്രിയ വൈകുന്നേരത്തോടെയാണ് പൂർത്തിയായത്. കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഉഷ വിജയൻ എം.എൽ.എ , വയനാട് ജില്ലാ കലക്ടർ വി.ചെൽസാ സിനി തുടങ്ങിയവരെല്ലാം റൈഡന്റെ ചികിത്സയ്ക്കായി അടിയന്തര സൗകര്യങ്ങൾ ഒരുക്കിയിരുന്നു. തുടർ ചികിത്സക്കുള്ള നടപടികളിലും ഇടപെടുമെന്ന് മന്ത്രി ടി .സിദ്ദീഖ് പറഞ്ഞു. ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് കാണിച്ച് മാനന്തവാടി എം.എൽ.എ ഉഷ വിജയൻ ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. നിർധന കുടുംബമാണ് സുനീഷിന്റേത്. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ വലിയ ദുഃഖത്തിലും ആണ് നാട്ടുകാർ. റൈഡൻ്റെ സൗഖ്യത്തിനായി നാടോ ന്നാകെ പ്രാർത്ഥനയിലാണ് .
റെയ്ഡൻ്റെ സൗഖ്യത്തിനായി പ്രാർത്ഥനയിൽ നാട് : രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞു
