Breaking
Fri. Oct 2nd, 2026

രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും:മന്ത്രി ടി സിദ്ദീഖ്

സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു

കേരളപ്പിറവി ദിനത്തില്‍ വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി മാറ്റാന്നുള്ള ബൃഹത്ത് പദ്ധതികള്‍ ആരംഭിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. ഗാന്ധിജയന്തി ദിനത്തില്‍ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സര്‍ക്കാര്‍ സ്ഥാപന ജില്ലാ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അലക്ഷ്യമായി തള്ളുന്ന ഇ-മാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന മെര്‍ക്കുറി, ഈയം, കാഡ്മിയം തുടങ്ങിയ വിനാശകാരികളായ വിഷവസ്തുക്കളില്‍ നിന്നും പരിസ്ഥിതിയെയും പൊതുജന ആരോഗ്യത്തെയും സംരക്ഷിക്കാനാണ് ഇ-മാലിന്യമുക്ത ദൗത്യത്തിലൂടെ ലക്ഷ്യമാക്കുന്നത്. പാരിസ്ഥിതിക സംരക്ഷണവും സുസ്ഥിര വികസന ലക്ഷ്യങ്ങളും മുന്‍നിര്‍ത്തി ജില്ല മുന്നേറുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇ-മാലിന്യമുക്ത ജില്ല പ്രഖ്യാപനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ നടന്ന ആദ്യഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും 31 ടണ്‍ ഇ-മാലിന്യമാണ് ശേഖരിച്ചത്. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെ കല്‍പ്പറ്റയില്‍ നിന്നും 12 ടണ്‍, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 12 ടണ്‍, മാനന്തവാടിയില്‍ നിന്നും അഞ്ച് ടണ്‍, പനമരത്ത് നിന്നും രണ്ട് ടണ്‍ ഇ-മാലിന്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച് ഗ്രീന്‍ കേരള കമ്പനിയ്ക്ക് കൈമാറിയത്.

ഡിസംബര്‍ 19, 20 തിയതികളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഭൂമി കോണ്‍ക്ലേവിന് മുന്നോടിയായി സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയെന്ന സുപ്രധാന നേട്ടം കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനത്തില്‍ കളക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍ ജോലിചെയ്യുന്ന 56 പി.ടി.എസ് ജീവനക്കാര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി പൊന്നാട നല്‍കി അനുമോദിച്ചു. ഇ-മാലിന്യ ശേഖരണത്തില്‍ പങ്കാളികളായ ജില്ലയിലെ 184 സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും മന്ത്രി അനുമോദനപത്രം വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ഹരിത കര്‍മ്മസേന, സിവില്‍ സൊസൈറ്റി സംഘടനകള്‍, ഇ.വൈ.ജി.ഡി.എസ്, വിശ്വശാന്തി ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകളെ ഉള്‍പ്പെടുത്തി ഇ-മാലിന്യ ശേഖരണം ആരംഭിക്കും. ശേഖരിക്കുന്ന ഇ- മാലിന്യങ്ങള്‍ക്ക് നിശ്ചിത തുക പ്രതിഫലമായി നല്‍കും. മാലിന്യം ശാസ്ത്രീയ സംസ്‌കരിക്കുന്നതിന് അന്‍പത്തോളം വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.

ഇ-മാലിന്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഉള്‍പ്പെട്ട പോസ്റ്റര്‍ ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി പ്രകാശനം ചെയ്തു. കളക്ടറേറ്റ് ആസുത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. കലാമുദ്ദീന്‍, ശുചിത്വമിഷന്‍ ജില്ലാ ഓഫീസര്‍ എസ് സജീഷ്, മേപ്പാടി-വൈത്തിരി-നെന്മേനി-തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റംല ഹംസ, സി.വി രാജന്‍, എ.കെ ഗംഗാധരന്‍, സൂസി ബാബു, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ഇ.വൈ.ജി.ഡി.എസ്, വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *