Breaking
Tue. Nov 17th, 2026

യുവതിയുടെ പേരിൽ വ്യാജ പ്രൊഫൈൽ; ചികിത്സാസഹായമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

2026 നവംബർ 17 ചൊവ്വ

കല്പറ്റ: ഫെയ്‌സ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് സൗഹൃദം സ്ഥാപിച്ച്‌ പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് മേപ്പയൂർ ആവള, മണമ്മൽ വീട്ടിൽ ലത്തീഫ് (45) ആണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്കിൽ വ്യാജമായി സ്ത്രീയുടെ പേരിൽ പ്രൊഫൈലുണ്ടാക്കി ചികിത്സാസഹായമെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന്‌ 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2025 നവംബർ 12-നായിരുന്നു തട്ടിപ്പിന്റെ തുടക്കം. ‘സഫ്ന’ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിൽ ഒരു കുട്ടിയുടെ ചികിത്സാസഹായം അഭ്യർഥിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ട പിണങ്ങോട് സ്വദേശി ആദ്യം 1,000 രൂപ ഗൂഗിൾപേ വഴി നൽകിയിരുന്നു. വിദേശത്ത് സിവിൽ എൻജിനിയറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ‘സഫ്ന’, നാട്ടിലുള്ള സുഹൃത്തായ ലത്തീഫിന്റെ അക്കൗണ്ടിലേക്കാണ് പണം അയക്കാൻ നിർദേശിച്ചത്. തുടർന്ന് സഫ്ന എന്ന വ്യാജപേരിലും ലത്തീഫ് എന്ന സ്വന്തം പേരിലും വ്യത്യസ്ത നമ്പറുകളിൽ നിന്നും പ്രതി പരാതിക്കാരനുമായി നിരന്തരം ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു.

സഫ്ന എന്ന സ്ത്രീ യഥാർഥത്തിൽ ഉണ്ടെന്നു വിശ്വസിപ്പിച്ച പ്രതി, ഇരുവരുടെയും ചികിത്സാ ആവശ്യങ്ങൾക്കെന്ന പേരിൽ തിരികേ നൽകാമെന്ന് വാഗ്ദാനംചെയ്ത് പല ഘട്ടങ്ങളിലായി ഗൂഗിൾപേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 15,07,850 രൂപ കൈക്കലാക്കുകയായിരുന്നു. വീണ്ടും 50,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പരാതിക്കാരൻ പണം തിരികേ ചോദിച്ചു. ഇതോടെ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. 2026 സെപ്റ്റംബർ 19-ന് ലഭിച്ച പരാതി പ്രകാരം കല്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ‘സഫ്ന’ എന്ന വ്യാജ പ്രൊഫൈലും ലത്തീഫിന്റെ അക്കൗണ്ടും ഒരേ മൊബൈൽ ഫോണിൽനിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും സിം കാർഡുകൾ ലത്തീഫിന്റെ പേരിലുള്ളതാണെന്നും പോലീസ് കണ്ടെത്തി. നവംബർ 14-ന് ആവളയിൽവെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇയാൾ മുൻപും സമാനമായ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. 2023-ൽ തൃശ്ശൂർ റൂറൽ സൈബർ ക്രൈംപോലീസ് സ്റ്റേഷൻ പരിധിയിൽ ‘നദീറഷാൻ’ എന്ന വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ വഴി കാൻസർ ചികിത്സയ്ക്കെന്ന പേരിൽ 21.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ പിടിയിലായിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തുകയായിരുന്നു. കൂടാതെ മേപ്പയൂർ പോലീസ് സ്റ്റേഷനിലും ഇയാളുടെ പേരിൽ മറ്റു കേസുകൾ നിലവിലുണ്ട്. കല്പറ്റ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ. വി.എം. രമേശ്, സിവിൽ പോലീസ് ഓഫീസർമാരായ ടി.എച്ച്. നാസർ, കെ. അഫ്‌സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *