▪️കല്‍പ്പറ്റ: വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിൻ്റെ ആംബുലൻസില്‍ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി.
ഉന്നതിയില്‍ നിന്ന് മൃതദേഹം രണ്ട് കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് ചുമന്നാണ് കൊണ്ടുപോയത്. മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹമാണ് ബന്ധുക്കള്‍ തോളിലേറ്റി കൊണ്ടുപോയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം. പണിയ വിഭാഗത്തിൻ്റെ ആചാരപ്രകാരം മുളന്തണ്ടിലാണ് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുക. ആംബുലൻസില്‍ മുളവടിയില്‍ മൃതദേഹം കയറ്റാൻ ഡ്രൈവർ അനുവദിച്ചില്ല എന്നാണ് പരാതി.
മൃതദേഹം മടിയില്‍ വയ്ക്കാമെന്ന് പറഞ്ഞിട്ടും ഡ്രൈവർ അനുവദിച്ചില്ലെന്നാണ് പരാതി. ആചാരം പാലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
