Breaking
Mon. Sep 28th, 2026

ഒരുപാട് ദുരൂഹതകള്‍, മുട്ടില്‍ മരംമുറി ഗൂഢാലോചനയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷി, ജയതിലകിന്റേത് വിചിത്ര ഉത്തരവ്, അന്വേഷണം വേണമെന്ന് വനംമന്ത്രി

തിരുവനന്തപുരം: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകളുണ്ടെന്ന് വനംമന്ത്രി ഷിബു ബേബിജോണ്‍. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കേണ്ടതുണ്ട്. ഏറ്റവും ഒടുവില്‍ ലഭിച്ച ഇമെയില്‍ പരാതിയില്‍ ഗുരുതരമായ കാര്യങ്ങളാണുള്ളത്. ഏതാനും ദിവസം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകന്‍ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് സാക്ഷിയാണെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നതെന്നും വനംമന്ത്രി ഷിബുബേബി ജോൺ മാധ്യമങ്ങളോട് വ്യക്തമാക്കി.

അന്നത്തെ ഒരു മാധ്യമത്തിന്റെ ഓഫീസിലേക്ക് മൂന്നുപേര്‍ വരികയും, ഇയാള്‍ കേട്ടുകൊണ്ടിരിക്കെ ചര്‍ച്ച നടത്തിയെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനെല്ലാം പിന്നീടാണ് മുന്‍ ചീഫ് സെക്രട്ടറി ജയതിലകിന്റെ വിചിത്രമായ ഉത്തരവ് വന്നത്. ഇതിന് ആധാരമായ കാര്യങ്ങളെല്ലാം അവിടെ നിന്നാണ്. ഒരു അപേക്ഷ ചിലരില്‍ നിന്നും കിട്ടുമ്പോള്‍, അതേപ്പറ്റിയുള്ള ചര്‍ച്ചയില്‍ വ്യാപകമായ മരംമുറിക്ക് ഇടവരുത്തുമെന്ന് വനം വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മിനിറ്റ്‌സിലുണ്ട്. ആ മിനിറ്റ്‌സ് നിലനില്‍ക്കെയാണ് ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചത്. വനം മന്ത്രി പറഞ്ഞു.

ആ മിനിറ്റ്‌സ് നിലനില്‍ക്കെ എങ്ങനെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്ര വിചിത്രമായ ഉത്തരവ് ഇറങ്ങി?. സഹകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് ദൃക്‌സാക്ഷിയാണെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. ഇതേപ്പറ്റിയെല്ലാം അന്വേഷിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി വിഡി സതീശനോടും ആവശ്യപ്പെട്ടിട്ടുണ്ട്. വനം മന്ത്രി ഷിബുബേബി ജോൺ പറഞ്ഞു.

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് അന്ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വീഴ്ചയുണ്ടെങ്കില്‍, അതടക്കം പരിശോധിച്ച് കുറ്റമറ്റ നിലയിലുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. മരംമുറി അന്വേഷണത്തില്‍ അട്ടിമറി ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. 108 ഈട്ടിത്തടികളാണ് മുട്ടില്‍ മരംമുറി കേസ് പ്രതികളില്‍ നിന്ന് പിടിച്ചത്. അന്ന് പിടിച്ചപ്പോള്‍ വനംവകുപ്പിന് ഈ മരങ്ങള്‍ എവിടെ നിന്നാണെന്ന് അറിയില്ലെന്നാണ് താന്‍ നേരത്തെ പറഞ്ഞത്. ഇത് വളച്ചൊടിക്കാന്‍ ശ്രമമുണ്ടായെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *