ഐപിഎല്‍ ജനുവരിയിലേക്ക്? അന്താരാഷ്ട്ര കലണ്ടർ പൊളിക്കുമോ ഐസിസി? വെല്ലുവിളികള്‍

2026 നവംബർ 12 വ്യാഴം

ഐപിഎല്‍ ജനുവരിയിലേക്ക് മാറ്റണം, അല്ലെങ്കില്‍ ഒക്ബോർ മുതല്‍ ഏപ്രില്‍ വരെയുള്ള സമയങ്ങളില്‍ വെല്‍ സ്ട്രക്‌ചേഡായൊരു ലോങ്ങര്‍ ടൂര്‍ണമെന്റ്! ഐപിഎല്ലിന്റെ മുൻ ചെയർമാൻ ലളിത് മോഡി മുന്നോട്ട് വെച്ചിരിക്കുന്ന ആശയത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും പഞ്ചാബ് കിങ്സിന്റേയും ഉടമകള്‍ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര കലണ്ടറിനെ തന്നെ ഉടച്ചുവാര്‍ക്കേണ്ടി വരുന്ന ഈ മാറ്റം അനിവാര്യമാണോ, നീക്കത്തിന് പിന്നിലെ കാരണവും വെല്ലുവിളികളും പരിശോധിക്കാം. ഐപിഎല്‍ ഇന്ന് കേവലമൊരു ടി20 ലീഗ് മാത്രമല്ല. ലോകക്രിക്കറ്റില്‍ തന്നെ ഏറ്റവും സ്വാധീനം ചെലുത്തുന്ന ടൂർണമെന്റാണ്, അത് ക്രിക്കറ്റിന്റെ കാര്യത്തില്‍ ഒതുങ്ങുന്നതല്ല, വാണിജ്യപരമായും. അന്താരാഷ്ട്ര കലണ്ടറില്‍ സുപ്രധാനമായൊരു സ്ഥാനം ലീഗ് നേടിയെടുത്തിട്ടുണ്ട് എന്ന അവകാശവാദങ്ങളും ഉയരുന്നുണ്ട്. നിലവില്‍ മാര്‍ച്ച്-ഏപ്രില്‍-മേയ് മാസങ്ങളിലായാണ് ഐപിഎല്‍ നടക്കുന്നത്. പക്ഷേ, ഈ മാസങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥയാണ്. പല സംസ്ഥാനങ്ങളിലും അതികഠിനമായ ചൂട് ആരംഭിക്കുന്ന സമയം, ഒപ്പം മഴയുടെ സാധ്യതകളുമുണ്ട്. ഐപിഎല്ലിന് ആതിഥേയത്വം വഹിക്കുന്ന പ്രധാന നഗരങ്ങളായ ഡല്‍ഹി, അഹമ്മദാബാദ്, ജയ്‌പൂര്‍, ലഖ്നൗ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ചൂട് വര്‍ധിക്കുന്ന സമയത്തിലാണ് ഐപിഎല്‍ നടക്കുന്നത്. പ്രത്യേകിച്ചും ഉച്ചയ്ക്ക് ശേഷമുള്ള മത്സരങ്ങള്‍ ആരാധകര്‍ക്കും താരങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടേറിയതാണ്. കഴിഞ്ഞ രണ്ട് മൂന്ന് സീസണുകളിലായി വിദേശ താരങ്ങള്‍ പലപ്പോഴും ഇടവേളകള്‍ എടുക്കുന്നതും നനഞ്ഞ ടവലും ഐസ് ബാഗുമൊക്കെ നിരന്തരം ഉപയോഗിക്കുന്നതായും കണ്ടിരുന്നു. താരങ്ങളെ ശാരീരികക്ഷമതയെ തന്നെ ബാധിക്കാൻ സാധ്യതയുള്ളതരം കാലാവസ്ഥ. രാത്രികാല മത്സരങ്ങളില്‍ ഈ പ്രശ്നം നേരിടുന്നില്ലെങ്കിലും താരങ്ങള്‍ പരിശീലിക്കേണ്ടതും ഇതേ ചൂടില്‍ തന്നെയാണ്.

ചില നഗരങ്ങളില്‍ ചൂട് ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ മറ്റിടങ്ങളില്‍ മഴയുടെ ഭീഷണിയും ഉണ്ടാകാറുണ്ട്. മാറി മാറി വരുന്ന കാലാവസ്ഥയില്‍ മൈതാനം മത്സരയോഗ്യമാക്കി നിലനിര്‍ത്തുക എന്നത് ഗ്രൗണ്ട് സ്റ്റാഫുകളെ സംബന്ധിച്ചും എളുപ്പമുള്ള ഒന്നല്ല. ചുരിക്കിപ്പറയുകയാണെങ്കില്‍ ഇന്ത്യയിലെ കാലാവസ്ഥ നിലവില്‍ അണ്‍പ്രഡിക്റ്റബിളാണ്, മത്സരങ്ങള്‍ നഷ്ടമാകാനും അത് ടൂ‍ര്‍ണമെന്റിന്റെ സ്വഭാവികമായുള്ള മുന്നോട്ട് പോക്കിനെ തടസപ്പെടുത്തുകയും ചെയ്യുന്നു. ജനുവരി – ഫെബ്രുവരി മാസങ്ങളിലേക്ക് ടൂര്‍ണമെന്റ് ഷിഫ്റ്റ് ചെയ്യുമ്പോഴും പ്രശ്നങ്ങള്‍ ഇല്ലാതാകുന്നില്ല. വിന്റ‍ര്‍ ഫോഗ്, ഡ്യൂ, തണുപ്പ് തുടങ്ങിയവയൊക്കെയുണ്ടാകും. എന്നിരുന്നാലും മാര്‍ച്ച് – മേയ് മാസങ്ങളിലേതിനേക്കാളും മികച്ച കാലവസ്ഥയായിരിക്കും. മുംബൈ, അഹമ്മദാബാദ് നഗരങ്ങളില്‍ ഡ്യൂവിന്റെ പ്രശ്നമുണ്ടാകാം, ഡല്‍ഹിയിലും ലഖ്നൗവിലും ഫോഗും. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ അനുയോജ്യമായ സാഹചര്യങ്ങളുമായിരിക്കും. ഡല്‍ഹി, മൊഹാലി, ലഖ്നൗ എന്നീ സ്റ്റേഡിയങ്ങളില്‍ മഞ്ഞുവീഴ്ച്ചയും ഫോഗും മൂലം കാഴ്ചാപരിമിധികളും ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ചില മൈതാനങ്ങളിലേക്ക് മാത്രം മത്സരങ്ങള്‍ ചുരുക്കേണ്ടി വന്നേക്കാം. പ്രത്യേകിച്ചും രാത്രി മത്സരങ്ങള്‍. കഠിനമായ ചൂടുള്ള കാലവസ്ഥയില്‍ മത്സരങ്ങള്‍ നടക്കുന്നതിനേക്കാള്‍ കാണികളെ ആകര്‍ഷിക്കുന്നതും ജനവുവരി വിൻഡോയായിരിക്കും. ഇത്തരം ഘടകങ്ങളൊക്കെ അനുകൂലമാകുമ്പോള്‍ മറുവശത്ത് വലിയ പ്രതിസന്ധികളുണ്ട്. നിര്‍ണായകമായ അന്താരാഷ്ട്ര – ആഭ്യന്തര മത്സരങ്ങള്‍ ഐസിസിയും ബോര്‍ഡുകളും നിശ്ചയിച്ചിരിക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ബിഗ് ഫൈവിലെ രാജ്യങ്ങളെ തന്നെ എടുക്കാം. ഓസ്ട്രേലിയ, ലോക ക്രിക്കറ്റിലെ ഏറ്റവും ഡൊമിനേറ്റിങ്ങായൊരു സംഘം. ക്രിക്കറ്റ് ഓസ്ട്രേലിയയെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള മാസങ്ങളാണ് ജനുവരി, ഫെബ്രുവരി. ബോക്സിങ് ഡേ ടെസ്റ്റ്, സിഡ്നി ആതിഥേയത്വം വഹിക്കുന്ന ന്യൂ ഇയര്‍ ടെസ്റ്റ്, ബിഗ് ബാഷ് ലീഗ്, മറ്റ് അന്താരാഷട്ര പരമ്പരകള്‍…ബോര്‍ഡിന് വാണിജ്യപരമായ നേട്ടമുണ്ടാകുന്ന സീസണ്‍.

ഉദാഹരണത്തിന്, ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഓസ്ട്രേലിയക്ക് ദക്ഷിണാഫ്രിക്കയുമായി പരമ്പരയുണ്ടെന്ന് കരുതുക. ദേശീയ ടീമില്‍ നിന്ന് ഐപിഎല്ലിനായി അവര്‍ വരേണ്ട സാഹചര്യമുണ്ടാകാം, അല്ലെങ്കില്‍ ഓസീസ് താരങ്ങള്‍ ഇല്ലാതെ ഐപിഎല്‍ നടക്കേണ്ടി വന്നേക്കാം, പ്രത്യേക എൻഓസി താരങ്ങള്‍ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ നല്‍കേണ്ടതായും വരും…അങ്ങനെ പല സാഹചര്യങ്ങള്‍. ഐപിഎല്‍ ജനുവരിയിലേക്ക് വന്നാല്‍, അത് ബിഗ് ബാഷ് ലീഗിനേയും ബാധിക്കും. ഇനി ദക്ഷിണാഫ്രിക്കയുടെ കാര്യമെടുക്കാം. സൗത്ത് ആഫ്രിക്കയുടെ ടി20 ലീഗായ എസ്എ20 നടക്കുന്നത് ജനുവരി ഫെബ്രുവരി മാസങ്ങളിലാണ്. ഐപിഎല്ലിലെ തന്നെ നിരവധി ഫ്രാഞ്ചൈസികള്‍ക്ക് എസ്എ20യില്‍ ടീമുകളുണ്ട്. മുംബൈയുടെ എംഐ കേപ് ടൗണ്‍, ചെന്നൈയുടെ ജോബര്‍ഗ് സൂപ്പര്‍ കിങ്സ്, രാജസ്ഥാന്റെ പാള്‍ റോയല്‍സ്, ഹൈദരാബാദിന്റെ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്, ഡല്‍ഹിയുടെ പ്രിറ്റോറിയ ക്യാപിറ്റല്‍സ്…ഐപിഎല്‍ ജനുവരിയിലേക്ക് മാറ്റിയാല്‍ ഫ്രാഞ്ചൈസികള്‍ക്ക് തന്നെ ഇതൊരു വെല്ലുവിളിയായേക്കാം. രണ്ട് ലീഗിലും കളിക്കുന്ന താരങ്ങളെ എങ്ങനെ മാനേജ് ചെയ്യും, എസ്എ20യുടെ കൊമേഷ്യല്‍ സക്സസ് എത്രത്തോളമാകും…ഇത്തരം ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു. ബിസിസിഐക്ക് വഴങ്ങേണ്ടി വന്നാല്‍ സ്വന്തം ലീഗിനെ ബലികൊടുക്കേണ്ടതായും വരും ദക്ഷിണാഫ്രിക്കയ്ക്ക്. ന്യൂസിലൻഡ്, കിവികളെ സംബന്ധിച്ച് അന്താരാഷ്ട്ര മത്സരങ്ങളാണ് കൂടുതല്‍. ഐപിഎല്‍ ഈ വിൻഡോയിലേക്ക് മാറ്റിയാല്‍ ബോര്‍ഡിന് താരങ്ങളെ വിട്ടുകൊടുക്കേണ്ടതായി വരും. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ മാത്രമാണ് ആശ്വാസം. ഇംഗ്ലണ്ടില്‍ വിന്റര്‍ സീസണായതിനാല്‍ അവര്‍ ആതിഥേയത്വം വഹിക്കുന്ന പരമ്പരകള്‍ ഉണ്ടാകില്ല, പകരം ടൂറുകളാണ്.

അന്താരാഷ്ട്ര കലണ്ടറിന്റെ അതേ പ്രാധാന്യത്തോടെ കാണേണ്ട മറ്റൊന്ന് ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് കലണ്ടറാണ്. വിജയ് ഹസാരെയും രഞ്ജി ട്രോഫിയുമൊക്കെ ഉള്‍പ്പെടുന്ന പീരിയഡ്. ഏജ് കാറ്റഗറി ടൂര്‍ണമെന്റുകള്‍ വേറെയുമുണ്ട്. ബിസിസിഐ ആഭ്യന്തര ക്രിക്കറ്റിനെ മറ്റ് മാസങ്ങളിലേക്ക് പറിച്ച് നട്ടേക്കും, കാരണം വാണിജ്യപരമായി കൂടുതല്‍ നേട്ടമുണ്ടാകുന്നതായി കണക്കാക്കപ്പെടുന്നത് ഐപിഎല്ലാണ്. ബിസിസിഐയുടെ ഈ പദ്ധതി ഐസിസി അംഗീകരിക്കുകയാണെങ്കില്‍ മറ്റ് ബോര്‍ഡുകളൊക്കെയും ഐപിഎല്ലിനായി പല മാറ്റങ്ങളും വരുത്തേണ്ടതായി വരും. അന്താരാഷ്ട്ര കലണ്ടറിനെ തന്നെ പൊളിച്ചെഴുതേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. മറ്റ് ബോര്‍ഡുകള്‍ അംഗീകരിക്കാൻ തയാറായില്ലെങ്കില്‍ പല സുപ്രധാന താരങ്ങളില്ലാതെ ഐപിഎല്‍ നടക്കേണ്ടി വരും. ഇന്ത്യൻ താരങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരു ലീഗല്ല ഐപിഎല്‍ എന്നത് യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നുണ്ട്. ട്രാവിസ് ഹെഡും പാറ്റ് കമ്മിൻസും ജോഫ്ര ആര്‍ച്ചറും ഗ്ലെൻ ഫിലിപ്സുമൊന്നുമില്ലാത്ത ഐപിഎല്‍ ഒന്ന് ചിന്തിച്ചുനോക്കു. ഒക്ടോബര്‍ – എപ്രില്‍ മാസങ്ങള്‍ക്കിടയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കണമെങ്കില്‍ അത് എളുപ്പമുള്ള ഒന്നായി കാണാനാകില്ല. ലീഗ് വിശാലമാക്കേണ്ടതായി വരും, കൂടുതല്‍ മത്സരങ്ങള്‍, ഇടക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഇടവേള. ഫുട്ബോള്‍ ലീഗുകളൊക്കെ സ്വീകരിക്കുന്ന അതേ രീതിയിലേക്ക് മാറണം. പക്ഷേ, രണ്ട് മാസത്തെ തുടര്‍ച്ചയായ മത്സരങ്ങളും ആവേശവും നല്‍കാൻ ഈ ഘടനയ്ക്ക് സാധിക്കുമോയെന്ന ആശങ്ക ഇവിടെയുണ്ട്. മാര്‍ച്ച് ആദ്യം തന്നെ ടൂര്‍ണമെന്റ് ആരംഭിച്ച്, സമയക്രമത്തില്‍ മാറ്റം വരുത്തി കാലവസ്ഥാ വെല്ലുവിളികളെ അതിജീവിക്കുകയായിരിക്കും ചുരുങ്ങിയകാലത്തേക്കിങ്കിലും അനുയോജ്യമായ മാര്‍ഗം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *