Breaking
Sun. Sep 20th, 2026

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വനിതാ എസ്.ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു

കേണിച്ചിറ: ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വനിതാ എസ്.ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. മധുകൊല്ലി കരയംകുന്നത്ത് വീട്ടിൽ രാഹുൽ (26) ആണ്
പിടിയിലായത്.

വെള്ളിയാഴ്ച (സെപ്റ്റംബർ 18) വൈകിട്ട് ഇരുളം പാപ്പശ്ശേരി ഭാഗത്ത് പോലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന രാഹുലിന്
കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാൻ വനിതാ എസ്.ഐ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ പ്രതി ഉദ്യോഗസ്ഥയ്ക്ക് നേരെ അസഭ്യം പറയുകയും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗികച്ചുവയോടെ സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. അക്രമം തടയാൻ ശ്രമിച്ച എ.എസ്.ഐ, സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയും പ്രതി മർദ്ദിച്ചു.

തുടർന്ന് വൈദ്യപരിശോധനയ്ക്കായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതി അക്രമാസക്തനാകുകയും വനിതാ എസ്.ഐയെയും മറ്റ് ഉദ്യോഗസ്ഥരെയും വീണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ലഹരിക്കേസുകൾ ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ രാഹുലെന്ന് പോലീസ് വ്യക്തമാക്കി. ബത്തേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *