Breaking
Fri. Aug 28th, 2026

50 പേർക്ക് സൗജന്യ വൃക്ക മാറ്റിവെക്കൽ പദ്ധതിക്കും ഹിയറിങ് എയ്ഡ് വിതരണത്തിനും തുടക്കം

പാലക്കാട്: പാലക്കാട് ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്ത് 100 ദിവസം പൂർത്തിയാകുന്ന വേളയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രധാന വികസന-ക്ഷേമ പ്രവർത്തനങ്ങൾ പങ്കുവെച്ച് രമേഷ് പിഷാരടി എം.എൽ.എ. മണ്ഡലത്തിലെ നിർണായക ആരോഗ്യ പദ്ധതികൾ ഉൾപ്പെടെയുള്ള കണക്കുകളാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

അവൈറ്റിസ് ഹോസ്പിറ്റലുമായി സഹകരിച്ച് മണ്ഡലത്തിലെ വൃക്കരോഗികളായ 50 പേർക്ക് സൗജന്യമായി വൃക്ക മാറ്റിവെക്കുന്ന ‘റിവൈവ്’ പദ്ധതിക്കും, അസെന്റ് ഹോസ്പിറ്റലുമായി ചേർന്ന് കേൾവിപരിമിതിയുള്ള 9 പേർക്ക് ഹിയറിങ് എയ്ഡ് വിതരണം ചെയ്തതിനും 100 ദിവസത്തിനകം തുടക്കമിട്ടതായി എംഎൽഎ കുറിച്ചു.

കൂടാതെ മുൻ എംഎൽഎമാർ തുടക്കമിട്ട മിനി മാസ്റ്റ് ലൈറ്റുകൾ, റോഡുകൾ, ഡ്രൈനേജുകൾ ഉൾപ്പെടെ എഴുപതോളം പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി ടൗൺ സർവീസ് പുനരാരംഭിച്ചതിനൊപ്പം പുതിയ ഇന്റർ സ്റ്റേറ്റ് സർവീസുകൾക്കായി ഔദ്യോഗികമായി കത്ത് നൽകി. അടിസ്ഥാന സൗകര്യ മേഖലയിൽ കണ്ണാടിയിൽ 5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അത്യാധുനിക ഓഡിറ്റോറിയത്തിന് ഭരണാനുമതി നേടിയെടുക്കുകയും വടക്കന്തറ ഡോ. നായർ സ്കൂളിലെ പുതിയ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.

പാലക്കാട് ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പ്രത്യേക യോഗം ചേരുകയും പാലക്കാട് ഗവ. മെഡിക്കൽ കോളേജ് പൂർണ്ണമായി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികളിൽ പങ്കാളിയാകുകയും ചെയ്തു. നെൽകർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക ലഭ്യമാക്കാൻ സർക്കാരുമായി ആശയവിനിമയം നടത്തിയെന്നും, സംസ്ഥാന ബജറ്റിൽ പാലക്കാട് മണ്ഡലത്തിന് കൂടുതൽ പദ്ധതികളും തുകയും അനുവദിപ്പിച്ചെന്നും എംഎൽഎ വ്യക്തമാക്കി. തടസ്സപ്പെട്ട പദ്ധതികൾ വേഗത്തിലാക്കുമെന്നും മണ്ഡലത്തിനായി രണ്ട് പുതിയ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

പാലക്കാട്‌ നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധി ആയി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് 100 ദിവസം പൂർത്തിയാകുന്നു. 😍

▶️ആദ്യ പത്ര സമ്മേളനത്തിൽ പറഞ്ഞത് പോലെ മുൻ MLA മാർ തുടങ്ങി വച്ച

70 ഓളം പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി.(മിനി മാസ്റ് ലൈറ്റുകൾ,റോഡുകൾ,ഡ്രൈനേജുകൾ,ഉൾപ്പടെ)

▶️KSRTC ടൗൺ സർവീസ് ആരംഭിച്ചു.

▶️നിയോജകമണ്ഡലത്തിൽപ്പെട്ട വൃക്ക രോഗികൾക്ക് അവൈറ്റിസ് ഹോസ്പിറ്റലുമായി സഹകരിച്ച് 50 പേർക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള പദ്ധതിയായ “റിവൈവ്” ആരംഭിച്ചു.

▶️ നിയോജകമണ്ഡലത്തിലെ SSLC, PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ആയിരത്തോളം വരുന്ന വിദ്യാർത്ഥികളെ അനുമോദിച്ചു.

▶️നിയോജക മണ്ഡലത്തിലെ കേൾവി സംബന്ധമായ പ്രശ്നമുള്ള 9 പേർക്ക് അസെന്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ഹിയറിങ് എയ്ഡ് നൽകി.

▶️KSRTC ൽ പുതിയ ഇന്റർ സ്റ്റേറ്റ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള കത്ത് നൽകി.

▶️അത്യാധുനിക സൗകര്യങ്ങളോടുകൂടി 5 കോടി രൂപ ചെലവിൽ കണ്ണാടിയിൽ നിർമ്മിക്കുന്ന പുതിയ ഓഡിറ്റോറിയത്തിന് സർക്കാരിൽ നിന്ന് ഭരണാനുമതി നേടിയെടുത്തു.

▶️വടക്കന്തറ ഡോ. നായർ സ്കൂളിൽ പുതിയ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി.

▶️ബഹു. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ സാറിനെ ഉൾപ്പെടുത്തിക്കൊണ്ട് പാലക്കാട് ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വേണ്ട പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടി യോഗം ചേർന്നു.

ബഹു :മന്ത്രി ശ്രീമതി കെ എ തുളസി ടീച്ചറും ബഹു :എം പി ശ്രീ ശ്രീകണ്ഠൻ അവർക്കളുടെയും നേതൃത്വത്തിൽ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ട നടപടികളിൽ പങ്കാളിയായി

▶️പാലക്കാട് നെൽക്കർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയുമായും ഇടപെടലുകൾ നടത്തുകയും കത്ത് നൽകുകയും ചെയ്തു.

▶️ബജറ്റിൽ പാലക്കാട് നിയോജകമണ്ഡലത്തിന് മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പദ്ധതികളും തുകയും അനുവദിപ്പിച്ചു.

സാങ്കേതിക കാരണങ്ങളാൽ മുടങ്ങി കിടക്കുന്ന പദ്ധതികൾ കുരുക്കഴിച്ച് പ്രവർത്തനക്ഷമം ആക്കുന്നതിനും.

പ്രഖ്യാപിച്ച പുതു പദ്ധതികൾ വേഗത്തിൽ ആക്കുന്നതിനും ശ്രമം തുടരും

വ്യക്തിപരമായി പാലക്കാട്‌ നിയോജകമണ്ഡലത്തിലേക്ക് രണ്ട് പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുകയും ചെയ്യും.

100 ദിവസം നമ്മൾ ഒന്നിച്ചു മുന്നിലേക്ക് പോയത് പോലെ ഇനിയും….ഒപ്പം

സ്നേഹപൂർവ്വം

രമേഷ് പിഷാരടി

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *