Breaking
Fri. Nov 27th, 2026

കേരളാ പൊലീസ് അബുദാബിയിൽ നേരിട്ടെത്തി ‘വിലങ്ങുവച്ചു’; വിദേശത്ത് ഒളിവിൽ കഴിഞ്ഞത് 16 വർഷം, മുങ്ങിയത് ജാമ്യത്തിലിറങ്ങി

2026 നവംബർ 27 വെള്ളി

( തൃശൂർ) ∙ ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകൻ തിരുമംഗലം സ്വദേശി ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് പ്രകാരം അബുദാബിയിൽ ജില്ല റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ ഏത്തായ് പരിയകത്ത് വീട്ടിൽ ആർഎസ്എസ് പ്രവർത്തകനായ സുജിത്ത് കുമാറാണ് (46) അറസ്റ്റിലായത്. കേസിൽ റിമാൻഡിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് കടന്ന് കഴിഞ്ഞ 16 വർഷത്തോളം അവിടെ ഒളിവിൽ കഴിയുകയായിരുന്നു.

പ്രതിയെ പിടികൂടി ഇന്ത്യയിലെത്തിക്കുന്നതിന് ഇന്റർപോൾ വിഭാഗം മുഖേന റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. റൂറൽ സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ അബ്ദുൽ റഹ്മാൻ, വാടാനപ്പള്ളി എസ്ഐ അസീസ്, ഇന്റർപോൾ ലെയ്സൻ ഓഫിസിലെ ഉദ്യോഗസ്ഥൻ ബിനു എന്നിവർ അബുദാബിയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. വാടാനപ്പള്ളി എസ്ഐമാരായ എബിൻ, ഗോകുൽ എന്നിവർ ഏറ്റുവാങ്ങി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. 2008 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒളിവിൽ പോയ മൂന്നാം പ്രതി ഏങ്ങണ്ടിയൂർ വില്ലേജ് വേട്ടയ്ക്കൊരുമകൻ കടവ് ദേശത്ത് ഉണ്ണിക്കൊച്ചൻ വീട്ടിൽ രാകേഷിനെ (46) ഇന്റർപോളിന്റെ ഇടപെടലിൽ കഴി‍ഞ്ഞ 18ന് ദുബായിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ആർഎസ്എസ് പ്രവർത്തകനായിരുന്ന സുജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായിരുന്നു ധനേഷ്. ഈ വൈരാഗ്യത്തിന്റെ പേരിൽ ധനേഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്. ആകെ 11 പ്രതികളാണുള്ളത്. ഒന്നു മുതൽ 6 വരെ പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തത്. അന്വേഷണം പൂർത്തിയാക്കി 2009 ഡിസംബർ 24ന് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്. അറസ്റ്റിലായി കോടതിയിൽനിന്നു ജാമ്യം ലഭിച്ച ശേഷം വിചാരണ നടപടികളിൽ സഹകരിക്കാതെ പ്രതി സുജിത്ത് കുമാർ വിദേശത്തേക്ക് കടക്കുകയായിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *