Breaking
Thu. Nov 26th, 2026

റാസൽഖൈമ ബസ് അപകടം: തിരിച്ചറിയൽ നടപടികൾ പൂർത്തിയായി; ഡിഎൻഎ റിപ്പോർട്ട് പ്രോസിക്യൂഷന്, മൃതദേഹങ്ങൾ നാളെ മുതൽ നാട്ടിലേക്ക്

സങ്കീർത്ത സുരേഷ്,ഹേമന്ത് പുതിയകാവിൽ, അഷ്‌റഫ് ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

2026 നവംബർ 26 വ്യാഴം

റാസൽഖൈമ∙ ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമ അൽ വതൻ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ച 4 മലയാളിയുടേതടക്കം 11 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാളെ രാത്രിയോടെ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിച്ചേക്കും. ബന്ധുക്കളുടെ ഡിഎൻഎ പരിശോധന പൂർത്തിയായി മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞതോടെ കേസിന്റെ ഔദ്യോഗിക റിപ്പോർട്ട് അന്വേഷണ സംഘം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. നാളെ ഉച്ചയോടെ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി ലഭിച്ചാൽ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഇതിന് നേതൃത്വം നൽകുന്ന ദുബായ് ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള ഇന്ത്യൻ റിലീഫ് കമ്മിറ്റി റാസൽഖൈമ യൂണിറ്റ് പ്രസിഡന്റ് ഡോ.നിഷാം നൂറൂദ്ദീൻ മനോരമ ഓൺലൈനോട് പറഞ്ഞു.

ചീർപ്പ്, തൂത്ത് ബ്രഷ്, വസ്ത്രം എന്നിവയും പരിശോധിച്ചു- നടപടികൾ വേഗത്തിലാക്കി അധികൃതർ വീസ മാറ്റത്തിനും പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനുമായി ഒമാനിൽ പോയി മടങ്ങുകയായിരുന്ന പ്രവാസികളാണ് അപകടത്തിൽപ്പെട്ടത്. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ് കേടായി കിടന്ന ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. 4 മലയാളികളടക്കം 11 ഇന്ത്യക്കാരും ഒരു ശ്രീലങ്ക, ഒരു ഫിലിപ്പീൻസ് സ്വദേശികളും മരിക്കുകയും 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ച മലയാളി പ്രവാസികളിൽ ഉമ്മുൽഖുവൈനിൽ ബിസിനസ് നടത്തുകയായിരുന്ന കാസർകോട് സ്വദേശി അഷ്റഫ് കൊളങ്ങരാടി അട്ടേങ്ങാനം (53), ദുബായിൽ മെക്കാനിക്കൽ എൻജിനീയറായ കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കംപ്യൂട്ടർ സയൻസ് എൻജിനീയറായ തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26), പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് ആഷിഖ് (29) എന്നിവരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു. ദുരന്തത്തിൽ മരിച്ചവരുടെ ഉറപ്പുവരുത്തിയ ശേഷമേ മൃതദേഹങ്ങൾ വിട്ടുനൽകൂ എന്ന നിലപാടിലായിരുന്നു റാസൽഖൈമ പൊലീസ്. ഇതേത്തുടർന്നാണ് ഇന്ന് രാവിലെയോടെ മുഴുവൻ ബന്ധുക്കളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധന പൂർത്തിയാക്കിയത്. ഇതിൽ ഹേമന്തിന്റെ ബന്ധുക്കളാരും ഇവിടെയില്ലാത്തതിനാൽ അദ്ദേഹം ഉപയോഗിച്ചിരുന്ന ചീർപ്പ്, തൂത്ത് ബ്രഷ്, വസ്ത്രം തുടങ്ങിയവ പരിശോധിച്ചാണ് ഉറപ്പുവരുത്തിയത്.

മരിച്ചവരിൽ യുഎഇക്ക് പുറത്തുള്ള ഒരു ഇരയുടെ കുടുംബത്തെ എത്തിക്കാനും നടപടികൾ വേഗത്തിലാക്കാനും നയതന്ത്ര പ്രതിനിധികളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്. കുടുംബങ്ങൾക്ക് സഹായത്തിനായി ദുബായിലെ ഇൻഡ്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ നമ്പർ (800-46342) സജ്ജമാക്കിയിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *