Breaking
Wed. Aug 26th, 2026

ചായ കുടിക്കവേ ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു

ചേലക്കര (തൃശൂർ): ചേലക്കോട് നിയന്ത്രണംവിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. പ്ലാഴി- വാഴക്കോട് സംസ്ഥാന പാതയില്‍ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം.

പഴയന്നൂര്‍ പാറക്കുളം കാഞ്ഞിരംകുന്നത്ത് ഷെമീര്‍ (42), പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം മഠത്തില്‍പറമ്പില്‍ ദേവസ്യയുടെ മകന്‍ ജോസഫ് (53) എന്നിവരാണ് മരിച്ചത്. കടയുടമ നെയ്ത്തുകുളങ്ങര വീട്ടില്‍ ശശിധരന്‍ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ചേലക്കോട് സെന്ററിന് സമീപത്തെ വളവില്‍ മില്‍മ പാല്‍ കയറ്റിവന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ശശിധരന്റെ ചായക്കടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. ടാങ്കര്‍ ലോറി ഡ്രൈവറായ ജോസഫ് റോഡരികില്‍ ലോറി നിര്‍ത്തി ചായക്കടയില്‍ എത്തിയതായിരുന്നു. ഷെമീര്‍ ചേലക്കര ഭാഗത്തുനിന്ന് സ്‌കൂട്ടറില്‍ പഴയന്നൂരിലേക്ക് വരുന്നതിനിടെയാണ് ചായക്കടയില്‍ എത്തിയത്. നിമിഷങ്ങള്‍ക്കകം അപകടം നടന്നു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്കെത്തിച്ചത്. ഷെമീറിനെ ചേലക്കര താലൂക്ക് ആശുപത്രിയിലും ജോസഫിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ചേലക്കര പൊലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. നിരവധി അപകടങ്ങള്‍ നടന്ന സ്ഥലത്താണ് തിരുവോണനാളില്‍ നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *