Breaking
Tue. Aug 18th, 2026

നിര്‍ണായക ചുവടുവെയ്പിലേക്ക്; വിഴിഞ്ഞം എക്‌സിം ഇന്ന് ഉദ്ഘാടനം ചെയ്യും, മിഷന്‍ സമുദ്ര പദ്ധതിക്കും തുടക്കമാകും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഇന്ന് നിര്‍ണായക ചുവടുവെയ്പിലേക്ക്. സമ്പൂര്‍ണ്ണ കയറ്റ് – ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്‌സിം മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അതിഥിയായിരിക്കും. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സുപ്രധാന നാഴികക്കല്ലായാണ് ഈ പദ്ധതി കണക്കാക്കപ്പെടുന്നത്.

രാവിലെ 10.45-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഇന്ത്യയുടെ ഏറ്റവും സുപ്രധാന വാണിജ്യ കവാടമായി വിഴിഞ്ഞം തുറമുഖം മാറുന്നതിന്റെ ഔദ്യോഗിക തുടക്കം കൂടിയാണിത്. സംസ്ഥാനത്തെ ഉല്‍പ്പാദകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാന്‍ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്.

കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്ന മിഷന്‍ സമുദ്ര പദ്ധതിക്കും ഇന്ന് തുടക്കമാകും. 8 വ്യവസായ ക്ലസ്റ്ററുകള്‍, 3 പുതിയ നഗരങ്ങള്‍, കേരളത്തിന്റെ 600 കിലോമീറ്റര്‍ വരുന്ന തീരപ്രദേശം എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ വിഴിഞ്ഞം മാരിടൈം ഇക്കണോമിക് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റിത്തീര്‍ക്കുന്ന ‘പോര്‍ട്ട് സിറ്റി’ എന്ന കാഴ്ചപ്പാടാണ് മിഷന്‍ സമുദ്ര വിഭാവനം ചെയ്തിരിക്കുന്നത്. തുറമുഖങ്ങളും കണക്റ്റിവിറ്റിയും, ലോജിസ്റ്റിക്‌സ് വികസനം, ക്ലസ്റ്ററുകളും നഗരങ്ങളും എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് 400 കോടി രൂപയുടെ ഉത്തേജക ഫണ്ട് വകയിരുത്തിയിരിക്കുന്നത്.

പാശ്ചാത്യ വിപണികളിലേക്ക് കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ തുറമുഖങ്ങൾ വഴി ചരക്ക് കയറ്റി അയച്ചിരുന്നവർക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ അയക്കാൻ സാധിക്കും. ഇത് യാത്രാസമയം കുറയ്ക്കാനും ലോജിസ്റ്റിക്സ് ചെലവുകളിൽ വലിയ കുറവ് വരുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർഷികോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോത്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *