Breaking
Mon. Aug 17th, 2026

ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ

മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് അതി വിദ്ഗദമായി പോലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ ആലങ്ങാനൂർ, കണ്ണകി @അർച്ചന @രമ്യ(30), തിരുപ്പരകോൻഡ്രം ഈശ്വരി (47)എന്നിവരെയാണ് തിങ്കളാഴ്ച പോലീസ് പിടികൂടിയത്. ഇവർ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാലമോഷണങ്ങൾ നടത്തി വന്നവരായിരുന്നു. പ്രായമായവരെ പിന്തുടർന്ന് അവരറിയാതെ കവർച്ച നടത്തിയ ശേഷം ഓട്ടോ റിക്ഷകളിൽ പലയിടങ്ങളിൽ മാറി മാറി സഞ്ചരിച്ചും പലയിടങ്ങളിൽ താമസിച്ചും കുറ്റ കൃത്യങ്ങൾ തുടരുകയായിരുന്നു. ഇന്ന് ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ പല പേരുകളിലായി കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറണ്ടുകളുമുണ്ട്. പല പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ചുറ്റികറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ വലയിലായത്. പ്രത്യേക അന്വേഷണ സംഘമായ SAGOC കൂടാതെ മാനന്തവാടി എ.എസ്.പി കാർത്തിക് ഐ.പി.എസ്, ഡിവൈ.എസ്.പി മാരായ എം.എം അബ്ദുൾ കരീം, ടി.എ അഗസ്റ്റിൻ, തുടങ്ങിയവരുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുട നീളം ബസുകളും, ഓട്ടോറിക്ഷകളും, ലോഡ്ജുകളും, ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്ര്വീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു.

അടുത്തിടെ വാവ്ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലും കവർച്ച നടന്നതിനെ തുടർന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ആയി മാധ്യമങ്ങൾ മുഖേനയും, സാമൂഹിക മാധ്യമങ്ങൾ മുഖേനയും പ്രചരിപ്പിച്ചിരുന്നു. മീനങ്ങാടിയിലെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ സുമേഷിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ കൃത്യമായ നിരീക്ഷണമാണ് മോഷ്ടാക്കളെ വലയിലാക്കാൻ സഹായിച്ചത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുനെല്ലി, അമ്പലവയൽ, കമ്പളക്കാട് , ബത്തേരി പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മാലമോഷണങ്ങൾ നടന്നിരുന്നു. തിരക്കേറിയ ബസുകളിലും ബസ് സ്റ്റാൻഡുകളിലും ഇവർ സംശയസാഹചര്യത്തിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ മുൻപ് പോലീസ് സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഇന്ന് ഇവർ മീനങ്ങാടിയിലെ ‘ഔറ കളക്ഷൻ’ ഫാൻസി കടയിൽ നിന്നും ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മോഷണ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഘത്തിലെ
മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *