Breaking
Sun. Aug 16th, 2026

വയനാട് മെഡിക്കല്‍ കോളേജ്: ആശങ്കകള്‍ ദുരീകരിച്ച് സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതമാക്കണം: എസ്.ടി.യു. മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദുരീകരിച്ച് സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതമാക്കണമെന്നും എസ്.ടി.യു. മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് നടന്ന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മാനന്തവാടിയില്‍ ആരംഭിച്ച് പ്രവര്‍ത്തിച്ചുവരുന്ന മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി രണ്ട് അക്കാദമിക് വര്‍ഷങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിക്കഴിഞ്ഞ സാഹചര്യത്തില്‍, സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന തരത്തിലുള്ള പ്രചാരണം അംഗീകരിക്കാനാവില്ലെന്ന് യോഗം വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ് മാറ്റുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ ആശങ്കയും സംശയവും സൃഷ്ടിക്കുന്നതാണ്. മാനന്തവാടിയുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക വികസനത്തിന് നിര്‍ണായകമായ സ്ഥാപനമായി മെഡിക്കല്‍ കോളേജിനെ ഇവിടെ തന്നെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനും അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്ന ചിലരാണ് മെഡിക്കല്‍ കോളേജ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും യോഗം ആരോപിച്ചു. ഇത്തരം നീക്കങ്ങളിലൂടെ മെഡിക്കല്‍ കോളേജിന്റെ വികസനം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

എസ്.ടി.യു. മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് നടന്ന കണ്‍വെന്‍ഷന്‍ സി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. കുഞ്ഞബ്ദുള്ള, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു, കൊച്ചി ഹമീദ്, പി.വി.എസ്. മൂസ, മുനവ്വര്‍, അഹമ്മദ്, ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
ഷൗക്കത്ത് ആയാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. റഷീദ് പടയന്‍ സ്വാഗതവും ജമാല്‍ അനിയാപ്രവന്‍ നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *