Breaking
Fri. Jul 31st, 2026

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാ സഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തള്ളി. വനഭൂമിയിൽ അതിക്രമിച്ചു കയറിയ വകുപ്പ് തെളിക്കാനായില്ല. 40 പ്രതികൾ ഹാജരായി. നാല് പേർ ഹാജരായില്ല. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി 23 വർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്. പ്രതിപ്പട്ടികയിലുള്ള 15 പേർ ഇന്ന് ജീവിച്ചിരിപ്പില്ല.

2003 ജനുവരി 5-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി ഭൂസമരം ആരംഭിച്ചത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെ പൊലീസ് നടപടി തുടങ്ങിയതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ സമരക്കാർ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്‌റ്റബിൾ കെ വി വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സമരനായിക സി കെ ജാനു ഉൾപ്പെടെ ആകെ 53 പേരാണ് പ്രതിപ്പട്ടികയിൽ.

കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് എറണാകുളം സിബിഐ കോടതിയിൽനിന്ന് കേസ്‌ കൽപ്പറ്റയിലേക്ക്‌ മാറ്റിയത്. പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തി എന്നതിന് ദൃക്സാക്ഷികൾ ആരുമില്ല. 2003 ഫെബ്രുവരി 19-ന് സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ജോഗി കൊല്ലപ്പെട്ടതിൽ കൃത്യമായ അന്വേഷണമോ നിയമനടപടിയോ ഉണ്ടായില്ലെന്ന വിമർശനങ്ങൾ ഇപ്പോഴുമുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *