മുഖ്യമന്ത്രി അപമാനിച്ചെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വാദത്തിൽ, വി ഡി സതീശന് പിന്തുണയുമായി മുൻമന്ത്രി കെ ബി ഗണേഷ്കുമാർ. വി ഡി സതീശൻ എൻഎസ്എസിനെയോ , ഏതെങ്കിലും സമുദായത്തെയോ ആക്ഷേപിക്കുന്നത് താൻ കണ്ടിട്ടില്ല. വ്യക്തിപരമായി അറിയുന്ന ആൾ കൂടിയാണ് സതീശനെന്നും, ഇത്തരം വിമർശനം ശരിയല്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. സുകുമാരൻ നായരെ ലക്ഷ്യമിട്ട് രൂക്ഷവിമർശനവും ഗണേഷ്‌കുമാർ നടത്തി. ഏകാധിപതികൾക്ക് പിടിച്ചുനിൽക്കാനാകില്ലെന്നും, അവർ തകർന്നുപോകുമെന്നുമാണ് പരാമർശം.
ആർ ബാലകൃഷ്ണപ്പിള്ളയെ തള്ളിപ്പറയുന്നവർ ഇന്ന് എൻഎസ്എസ് നേതൃത്വത്തിലുണ്ട്. ഏകാധിപതികളാണ് എൻഎസ്എസ് നയിക്കുന്നത്. സത്യത്തിനെതിരെ നിൽക്കുന്നവർക്ക് നിലനിൽപ്പില്ല, ഒരോ തകർച്ചയും ഒരു പുതിയ തുടക്കമാണ്. മന്നത്ത് ആചാര്യൻ പൊതു സ്വത്താണ്. അദ്ദേഹത്തെ കാണാൻ അനുവദിക്കണം,
ആ ക്ഷേത്രം എല്ലാവർക്കും തുറന്ന് നൽകണം. മന്നത്ത് ആചാര്യന്റെ കഥ കുട്ടികളെ പറഞ്ഞ് പഠിപ്പിക്കണം. ശ്രീനാരായണ സമാധിയിൽ എപ്പോഴും പ്രവേശിക്കാം. മന്നത്ത് ആചാര്യൻ ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും കെ ബി ഗണേഷ്‌കുമാർ ഓർമിപ്പിച്ചു.
അതേസമയം, ആശുപത്രികളിൽ പൊതിച്ചോർ നൽകരുതെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെയും ഗണേഷ്‌കുമാർ പ്രതികരിച്ചു. DYFI യുടെ പൊതിച്ചോർ തടഞ്ഞാൽ പകരം പൊതിച്ചോർ കെ. മുരളീധരൻ കൊടുക്കണം. പാവങ്ങളുടെ ആശ്രയമാണ് ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവ്വം പദ്ധതി, അത് നിർത്തരുത്. ബോർഡ് വെച്ചാലും ഇല്ലെങ്കിലും ഡിവൈഎഫ്ഐ പൊതിച്ചോർ കൊടുക്കും.യൂത്ത് കോൺഗ്രസിന് പറ്റാത്ത കാര്യമാണ് DYFI ചെയ്യുന്നതെന്നും ഗണേഷ്‌കുമാർ പ്രതികരിച്ചു.
