Breaking
Sun. Jul 19th, 2026

ജമ്മുവിലെ രജൗറിയിലും പൂഞ്ചിലും കനത്ത മഴ; മിന്നൽ പ്രളയത്തിൽ 8 മരണം

ജമ്മു കശ്മീരിലെ രജൗറിയിലും പൂഞ്ചിലും കനത്ത മഴ. മിന്നൽ പ്രളയത്തിൽ എട്ടുപേർ മരിച്ചു. ആറുപേരെ കാണാതായി. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുരിതബാധിതർക്ക് അടിയന്തരസഹായം നൽകാൻ നിർദേശം നൽകി

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജമ്മു കശ്മീരിൽ പെയ്തത് കനത്ത മഴയായിരുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും നദീതീരങ്ങളിൽനിന്നും നൂറുകണക്കിന് പേര് ഒഴിപ്പിച്ചു. നിരവധി വീടുകൾ തകർന്നു. ദേശീയപാതയിലും സംസ്ഥാനപാതയിലുമടക്കം ഗതാഗതം തടസ്സപ്പെട്ടു. രജൗറിയിലും പൂഞ്ചിലും സ്ഥിതി ഗുരുതരമാണ്. മിന്നൽ പ്രളയത്തിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. പുതിയ ബസ് സ്റ്റാൻഡ് പരിസരം വെള്ളത്തിനടിയിൽ ആയതോടെ നിരവധി വാഹനങ്ങൾ തകർന്നു.

ഡാർഹൽ തവി നദി കരകവിഞ്ഞ് ഒഴുകുകയാണ്. അഞ്ചിലധികം നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായി. മരങ്ങൾ കടപുഴകി വീണ് നിരവധി വാഹനങ്ങൾ തകർന്നു. ജമ്മു കശ്മീരിൽ അടുത്ത വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെത്തുടർന്ന് അമർനാഥ് യാത്ര താത്ക്കാലികമായി നിർത്തിവച്ചു. പഹൽഗാം, ബാൽതാൽ റൂട്ടുകളിലെ യാത്രയാണ് നിർത്തിവച്ചത്. വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർടനവും നിർത്തിവച്ചു. സ്ഥിതി രൂക്ഷമായതോടെ ഡൽഹിയിലുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശ്രീനഗറിലേക്ക് മടങ്ങി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *