കേരളത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കുമെന്നും അതുവഴി അവര്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് കുറയ്ക്കാനാകുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ നയം വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്റെ ബജറ്റ്. വിദേശസര്‍വകലാശാലകളെ കൊണ്ടുവരുന്നത് ഉള്‍പ്പെടെ പരിഗണിക്കും. നമ്മുടെ കുട്ടികള്‍ക്ക് നല്ല എക്‌സ്‌പോഷന്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇയര്‍ ബാക്ക് നയവുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കും. സര്‍വകലാശാലകളുടെ അക്കാദമിക് കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. എന്നിരിക്കിലും ഇക്കാര്യത്തില്‍ സര്‍വകലാശാലകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുള്‍പ്പെടെ വിദ്യാര്‍ഥികളുടെ പരാതികളെല്ലാം പരിഹരിക്കും. അവര്‍ക്ക് പരാതി അറിയിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കുമെന്നും മന്ത്രി റോജി എം ജോണ്‍ കൂട്ടിച്ചേര്‍ത്തു.
