Breaking
Tue. Jul 7th, 2026

സർക്കാർ ബ്ലഡ് ബാങ്കുകളിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം – കേരള ഗവൺമെന്റ് ബ്ലഡ് ബാങ്ക് ടെക്നീഷ്യൻസ് അസോസിയേഷൻ

കോഴിക്കോട് /തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ബ്ലഡ് ബാങ്കുകളിൽ രൂക്ഷമായ ജീവനക്കാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം സുരക്ഷിത രക്തസേവനം ഗുരുതര പ്രതിസന്ധിയിലാണെന്നും, ഈ സാഹചര്യം അടിയന്തരമായി പരിഹരിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേരള ഗവൺമെന്റ് ബ്ലഡ് ബാങ്ക് ടെക്നീഷ്യൻസ് അസോസിയേഷൻ (KGBBTA) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ ദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യമായ സാങ്കേതിക തസ്തികകൾ സൃഷ്ടിച്ച് സ്ഥിരനിയമനം നടത്തണം. നിലവിലുള്ള ബ്ലഡ് ബാങ്ക് ടെക്നീഷ്യൻമാരുടെ അമിത ജോലിഭാരം കുറയ്ക്കുകയും, 24 മണിക്കൂറും തടസ്സമില്ലാത്ത സുരക്ഷിത രക്തവിതരണം ഉറപ്പാക്കുന്നതിനാവശ്യമായ മനുഷ്യവിഭവശേഷി അടിയന്തരമായി നിയമിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

രക്തശേഖരണം, രക്തപരിശോധന, രക്തഘടക നിർമാണം, ഗുണനിലവാര നിയന്ത്രണം, അടിയന്തര രക്തവിതരണം തുടങ്ങിയ അതീവ ഉത്തരവാദിത്തമുള്ള സേവനങ്ങൾ വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ചാണ് നിലവിൽ നിർവഹിക്കുന്നത്. ഇത് ജീവനക്കാരുടെ ശാരീരിക-മാനസിക സമ്മർദ്ദം വർധിപ്പിക്കുന്നതിനൊപ്പം രോഗികളുടെ സുരക്ഷയെയും പൊതുജനാരോഗ്യ സംവിധാനത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണെന്നും യോഗം വിലയിരുത്തി.

സംസ്ഥാനത്തെ എല്ലാ സർക്കാർ ബ്ലഡ് ബാങ്കുകളിലും ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുക, പരിശീലനം ലഭിച്ച സാങ്കേതിക ജീവനക്കാരെ നിയമിക്കുക, നിലവിലുള്ള സാങ്കേതിക തസ്തികകൾ വർധിപ്പിക്കുകയും അപ്ഗ്രേഡ് ചെയ്യുകയും ചെയ്യുക, ബ്ലഡ് ബാങ്കുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക തുടങ്ങിയ നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്നലെ ചേർന്ന കേരള ഗവൺമെന്റ് ബ്ലഡ് ബാങ്ക് ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് മാഹിം കണ്ണ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി നിഷാജ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി പുഷ്പ ബി. കെ. പ്രമേയം അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ സാജിദ നന്ദി രേഖപ്പെടുത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *