Breaking
Mon. Jul 6th, 2026

ടൗണ്‍ഷിപ്പിലെ 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം നടക്കുന്ന 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകള്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കും. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 178 വീടുകളാണ് ആദ്യഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടൗണ്‍ഷിപ്പിലെ ആരോഗ്യ കേന്ദ്രം, പൊതു മാര്‍ക്കറ്റ്- ശുചിമുറികള്‍ എന്നിവയുടെ നിര്‍മ്മാണം ആരംഭിച്ചതായും കളി സ്ഥലം, അങ്കണവാടി, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പുനരധിവാസ ഗുണഭോക്തക്കളുടെ ഫേസ്-1, ഫേസ്-2എ, ഫേസ്-2ബി പട്ടികകളില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കായി 5.58 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി നടത്തിയ അദാലത്തിലൂടെ വായ്പാ വിവരങ്ങള്‍ ശേഖരിച്ചാണ് പണം നല്‍കിയത്. വാണിജ്യ വായ്പകള്‍ ഏറ്റെടുക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനത്തിന് അനുസൃതമായി തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരിതബാധിതര്‍ക്ക് നല്‍കുന്ന ദിനബത്ത, വീട്ടുവാടക മൂന്ന് മാസത്തേക്ക് കൂടി തുടരും. ടൗണ്‍ഷിപ്പിലേക്ക് താമസം മാറിയ കുടുംബങ്ങള്‍ വീട്ടു വാടക നല്‍കില്ല.

ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തെ തുടര്‍ന്ന് കല്‍പ്പറ്റ നഗരത്തില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശാസ്ത്രീയ പഠനം നടത്തി ബൃഹദ് പദ്ധതി തയ്യാറാക്കും. ദുരന്ത നിവാരണ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച മന്ത്രി ടി. സിദ്ദീഖിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിത പ്രദേശത്തെ കാര്‍ഷിക ഭൂമി പുനഃക്രമീകരിച്ച് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രദേശത്തെ മണ്ണ് പരിശോധിച്ച് അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത പടവെട്ടികുന്ന്, അട്ടമല പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും പുത്തുമല ദുരന്ത ബാധിതതര്‍ക്കായി ഒരുക്കിയ ഹര്‍ഷം പദ്ധതി ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *