Breaking
Sun. Jul 5th, 2026

സുഗന്ധഗിരി മ്യൂസിയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി

ആദ്യഘട്ടം നവംബറോടെ ഉദ്ഘാടനത്തിന് സജ്ജമാകും

സുഗന്ധഗിരി ഗോത്ര വർഗ സ്വതന്ത്ര്യ സമര സേനാനി മ്യൂസിയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോത്രവർഗ മ്യൂസിയമാണ് സുഗന്ധഗിരിയിൽ ഒരുങ്ങുന്നതെന്നും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അറിയപ്പെടുന്ന പ്രധാന ഗോത്രവർഗ വിജ്ഞാന കേന്ദ്രമായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 10 ഏക്കറിൽ നിർമാണം പൂർത്തിയാവുന്ന മ്യൂസിയത്തിൻ്റെ ആദ്യഘട്ടം നവംബർ പകുതിയോടെ ഉദ്ഘാടനത്തിന് സജ്ജമാവുമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെയും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലെയും ഗോത്ര ജന വിഭാഗത്തിൻ്റെ സംസ്കാരവും പാരമ്പര്യവും പരമ്പരാഗത അറിവുകളും അടയാളപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഗോത്ര ജനവിഭാഗങ്ങൾ നടത്തിയ ധീരമായ ചെറുത്തുനിൽപ്പിൻ്റെ ചരിത്രവും മ്യൂസിയത്തിൻ്റെ ഭാഗമായി മാറും. ജില്ലയിലെ അറിയപ്പെടുന്നവരും ഇതുവരെ അറിയപ്പെടാത്താവരുമായ 120ൽ അധികം ഗോത്ര വർഗ സ്വതന്ത്ര്യ സമര സേനാനികളുടെ ചരിത്രം വിശദമായ വിദഗ്ധ പഠനത്തിലൂടെ രേഖപ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെയാണ് മ്യൂസിയം നിർമ്മാണം പുരോഗമിക്കുന്നത്. സംസ്ഥാന സർക്കാരിന് വേണ്ടി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻ്റ് ഡവലപ്മെൻ്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻ്റ് ഷെഡ്യൂൾഡ് ട്രൈബ്സിന് (കിർത്താട്സ്) ആണ് നടത്തിപ്പ് ചുമതല.ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.

നിലവിൽ ആദ്യഘട്ടത്തിൻ്റെ 60 ശതമാനത്തോളം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കേന്ദ്ര സർക്കാരുമായുള്ള ഏകോപനം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കുമെന്ന് മന്ത്രി അഡ്വ. ടി സിദ്ധിഖ് പറഞ്ഞു. മ്യൂസിയത്തിലേക്കുള്ള റോഡ് നിർമാണത്തിൻ്റെ പദ്ധതി രേഖ തയ്യാറാക്കുന്നതിനൊപ്പം എൻ ഊര് ഉൾപ്പെടെയുള്ള മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപീകരിക്കുന്നതിനുള്ള സാധ്യതാ പഠനവും നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. സംസ്ഥാന ബജറ്റിൽ വയനാടിനായി പ്രഖ്യാപിച്ച ട്രൈബൽ സർവകലാശാല സുഗന്ധഗിരി ഗോത്രവർഗ സ്വതന്ത്ര്യ സമര സേനാനി മ്യൂസിയവുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.

പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ അബ്ദുൽ നാസർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി പ്രിൻസിപ്പൽ ആർക്കിടെക്ട് രാജേഷ് രാജശേഖരൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *