ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. നിരവധി സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച ഇന്ത്യാവിരുദ്ധ-തീവ്രവാദസംഘടനകളോട് ഓപ്പറേഷന്‍ സിന്ദൂറിലൂടെ സൈന്യം പകരം വീട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ലഖ്നൗവിലെ ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പ്രൊഡക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി അതിര്‍ത്തിമേഖലകളില്‍ മാത്രമായി ചുരുങ്ങിയില്ലെന്നും റാവല്‍പിണ്ടിയിലെ പാകിസ്ഥാന്റെ സൈനിക ആസ്ഥാനത്തും ശക്തമായി ആക്രമണം നടത്തിയെന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാധാരണക്കാരെയും ആരാധനാലയങ്ങളെയും ലക്ഷ്യംവെച്ചുള്ള പാക് പ്രതികരണത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍, സൈന്യം കൃത്യതയോടെ ഭീകരവാദ കേന്ദ്രങ്ങളെ മാത്രമാണ് തകര്‍ത്തതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
‘ഇന്ന്, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മള്‍ നിരന്തരം നമ്മുടെ ശക്തി വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ത്യയെയും നമ്മുടെ രാജ്യത്തെ ആക്രമിക്കുകയും നിരവധി കുടുംബങ്ങളെ നശിപ്പിക്കുകയും ചെയ്ത തീവ്രവാദ സംഘടനകളെയും എതിര്‍ത്തവരെ, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സായുധ സേന അവരെ നീതിയുടെ മുന്നില്‍ കൊണ്ടുവന്നു. ‘ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു സൈനിക നടപടിയല്ല, മറിച്ച് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സൈനിക ഇച്ഛാശക്തിയുടെ പ്രതീകമാണ്. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ഉറച്ച ദൃഢനിശ്ചയത്തിന്റെയും സൈനിക ശക്തിയുടെയും പ്രകടനമാണ് ഈ ഓപ്പറേഷന്‍,’ അദ്ദേഹം ഊന്നിപ്പറഞ്ഞു.
