Breaking
Wed. Jun 17th, 2026

ടെലഗ്രാം നിരോധനം; കേട്ടുകേൾവിയില്ലാത്ത നടപടിയെന്ന് കോടതിയിൽ ടെലഗ്രാം; ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്

ദില്ലി: നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ്. ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. നാളെ രണ്ടരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും. കേട്ടു കേൾവി ഇല്ലാത്ത നടപടിയാണ് സർക്കാരിൻ്റേതെന്ന് ടെലഗ്രാം കോടതിയിൽ വാദിച്ചു. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം എന്നായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി. നിയമവിരുദ്ധ കാര്യങ്ങൾക്ക് ആപ്പ് ഉപയോഗിച്ചുവെന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉണ്ടെന്നും കേന്ദ്രം പറഞ്ഞു. ഇരുവിഭാഗത്തിൻ്റേയും വാദം കേട്ട കോടതി നാളെ കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താൽക്കാലിക നിരോധനത്തിലേക്ക് നയിച്ചത്.

എന്നാൽ ഈ നടപടി ഏകപക്ഷീയമാണെന്നും കമ്പനിയെ കേൾക്കാതെയാണ് നിരോധനം എന്നുമാണ് ഹർജിയിൽ വാദിക്കുന്നത്. ജൂൺ 22 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനത്തെ പരിഹസിച്ച് കമ്പനി സ്ഥാപകൻ പവൽ ഡുറോവ് രംഗത്ത് എത്തിയിരുന്നു. അടിസ്ഥാന പ്രശ്‌നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ഡുറോവ് പ്രതികരിച്ചു. നിരോധനത്തിന്റെ ഭാഗമായി പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഗൂഗിൾ നീക്കി. ഇതിനിടെ പുനപരീക്ഷയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കുകയാണ് എൻടിഎ. വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യോമസേന വിമാനത്തിൽ ചോദ്യപേപ്പറുകൾ എത്തിക്കുന്നത് പുരോഗമിക്കുകയാണ്. ഇതിനിടെ വിദ്യാർത്ഥികൾക്ക് ഉപദേശവുമായി എൻ ടി എ ഡിജി രംഗത്ത് എത്തി. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും അത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കാനുമാണ് ഉപദേശം നൽകിയിരിക്കുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *