കൂളിവയൽ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കുമായി അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ് കൂളിവയൽ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസിന് നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ് ഡയറക്ടർ ഡോ. റാഷിദ് ഗസ്സാലി നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് ഡോ. റാഷിദ് ഗസ്സാലിയെ എസ്.കെ.എസ്.എസ്.എഫ് കൂളിവയൽ ശാഖ ആദരിച്ചു.
സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ ആറ് വിദ്യാർത്ഥികൾക്കും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച 37 വിദ്യാർത്ഥികൾക്കുമുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു.
മഹല്ല് പ്രസിഡന്റ് ഉമ്മർ ഹാജി കേളോത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് മഹല്ല് ഖത്തീബ് മുബശ്ശിർ ഫൈസി നെല്ലിയമ്പം ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ പുതുക്കുടി, എസ്.കെ.എസ്.എസ്.എഫ് ശാഖ സെക്രട്ടറി മമ്മൂട്ടി കക്കാടൻ എന്നിവർ ആശംസകൾ നേർന്നു.
ഇബ്രാഹിം ഉസ്താദ്, കുഞ്ഞാലിൻ ഹാജി, കേളോത്ത് ആബൂട്ടി, മണിമ മമ്മുട്ടി ഹാജി, കോട്ടക്കൽ കുഞ്ഞഹമ്മദ് ഹാജി, നിസാർ മൗലവി, ശിഹാസ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു. അജ്മൽ കൂളിവയൽ സ്വാഗതവും അഷ്‌നാദ് കാളിയാർ നന്ദിയും പറഞ്ഞു.
